സി.കെ. ജാനുവും തുഷാർ വെള്ളാപ്പള്ളിയും സംഘ്പരിവാർ പാലങ്ങൾ -പി. ഗഗാറിൻ
text_fieldsകൽപറ്റ: ആദിവാസി നേതാവ് സി.കെ. ജാനുവും ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും സംഘ്പരിവാർ പാലങ്ങളാണെന്ന് സി.പി.എം വയനാട് മുൻ ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. ആദിവാസി ഊരുകളിൽ സംഘ്പരിവാർ കയറിയത് സി.കെ. ജാനു വഴിയാണ്. ഈഴവ കേന്ദ്രങ്ങളിൽ സംഘ്പരിവാർ കയറിയത് തുഷാർ വെള്ളാപ്പള്ളി വഴിയും. ജാനുവും തുഷാറും ഇനി സംഘ്പരിവാറിന് ആവശ്യമില്ലെന്നും ഇവരുടെ ഇടനിലയില്ലാതെ ആദിവാസി കേന്ദ്രങ്ങളിൽ ആർഎസ്എസിന് കയറാമെന്നായി എന്നും ഗഗാറിൻ മീഡിയവണിനോട് പറഞ്ഞു.
‘ആദിവാസി ഊരുകളിൽ സംഘ്പരിവാർ കയറാൻ ശ്രമിക്കുന്നത് പാർട്ടി വളരെ വിശദമായി ചർച്ച ചെയ്തതാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് ആദിവാസി ഊരുകളിൽ സംഘ്പരിവാർ പല കാര്യങ്ങളും വിതരണം ചെയ്ത് അവരെ സ്വാധീനിക്കാനുള്ള ശ്രമം ദീർഘകാലമായിട്ട് നടക്കുന്നുണ്ട്. പാർട്ടി അത് നന്നായി ചർച്ച ചെയ്തതാണ്. പാർട്ടിക്ക് സ്വാധീനം ഉണ്ടായിരുന്ന ഊരുകളിൽ ആർഎസ്എസിന്റെ കടന്നുകയറ്റം തടയാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു പഞ്ചായത്തിൽ മാത്രം എട്ട് ഉന്നതികൾ ചെറിയ കാലം കൊണ്ട് ഞങ്ങൾ ആർഎസ്എസിന്റെ കൈയ്യിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. അത് ഞങ്ങൾ പ്ലാൻ ചെയ്തിട്ട് തന്നെയാണ്. സി.കെ. ജാനു ആദിവാസികളുടെ നേതാവെന്ന രീതിയിലാണ് നിന്നത്. ആദ്യം സ്വതന്ത്രമായ നിലപാട് സ്വീകരിച്ചു. ഗോത്രമഹാസഭയുടെ പേരിൽ വന്ന സി.കെ. ജാനു, പിന്നീട് എൻഡിഎയുടെ സ്ഥാനാർഥായി മാറി. ഈഴവ വിഭാഗങ്ങൾക്കിടയിൽ ബിജെപിക്ക് കടന്നു കയറാൻ വേണ്ടി വളരെ കൃത്യമായി ബിഡിജെഎസിനെ ഉപയോഗിച്ചു. ബിജെപിക്ക് കടന്നു കയറാനുള്ള പാലമായിട്ട് തന്നെയാണ് ബിഡിജെഎസിനെ ഉപയോഗിച്ചത്. നിലവിൽ ബിഡിജെഎസും തുഷാർ വെള്ളാപ്പള്ളിയും ഇല്ലെങ്കിലും അവർക്ക് കയറാം എന്ന നിലയിലേക്ക് എത്തി’ -ഗഗാറിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

