‘മാധ്യമം’ സീനിയർ റിപ്പോർട്ടർ അനിരു അശോകന് പി. അരവിന്ദാക്ഷൻ അവാർഡ്
text_fieldsഅനിരു അശോകൻ
കോഴിക്കോട്: കോഴിക്കോട് കാലിക്കറ്റ് പ്രസ് ക്ലബിന്‍റെ സ്ഥാപക പ്രസിഡന്റും മലയാള മനോരമ തിരുവനന്തപുരം യൂനിറ്റ് മുൻ റസിഡന്‍റ് എഡിറ്ററുമായിരുന്ന പി. അരവിന്ദാക്ഷന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച ജനറൽ റിപ്പോർട്ടിനുള്ള മാധ്യമപുരസ്കാരം മാധ്യമം തിരുവനന്തപുരം ബ്യൂറോ സീനിയർ കറസ്പോണ്ടന്‍റ് അനിരു അശോകന്. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
2024 ജൂലൈ 22ന് ‘പി.എസ്.സി വിവരങ്ങൾ വിൽപനക്ക്’ എന്ന തലക്കെട്ടിൽ മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തക്കാണ് പുരസ്ക്കാരം. പി.എസ്.സിയുടെ ഔദ്യോഗിക സെർവർ ഹാക്ക് ചെയ്‌ത് 65 ലക്ഷത്തോളം ഉദ്യോഗാർഥികളുടെ ലോഗിൻ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വാർത്തയുടെ ഉള്ളടക്കം. മുതിർന്ന മാധ്യമപ്രവർത്തകരായ ജോൺ മുണ്ടക്കയം, എൻ.പി. ചെക്കുട്ടി, കെ. ബാബുരാജ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ് പ്രസിഡന്‍റ് ഇ.പി. മുഹമ്മദും സെക്രട്ടറി പി.കെ. സജിത്തും അറിയിച്ചു.
പി. അരവിന്ദാക്ഷന്‍റെ കുടുംബമാണ് കാലിക്കറ്റ് പ്രസ് ക്ലബുമായി ചേർന്ന് അവാർഡ് എർപ്പെടുത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ അനിരു അശോകൻ 2014 മുതൽ മാധ്യമം പത്രാധിപസമിതി അംഗമാണ്. ആറ്റിപ്ര അശോകൻ- ലീജ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.ഡി ശ്യാമ. മക്കൾ: ദ്രുപദ് എ.എസ്, ഇതിക ജാനകി.
മികച്ച കായിക ലേഖകനുള്ള സംസ്ഥാന സർക്കാറിന്‍റെ ജി.വി. രാജ പുരസ്‌കാരം (2020), സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ എൻ. നരേന്ദ്രൻ സ്മാരക പുരസ്‌കാരം (2023), കോട്ടയം പ്രസ് ക്ലബിന്‍റെ മികച്ച രാഷ്ട്രീയ ലേഖകനുള്ള ജി. വേണുഗോപാൽ പ്രത്യേക പുരസ്‌കാരം (2022), ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്‍ററിന്റെ മികച്ച അന്വേഷണാത്മക പത്രപ്രവർത്തകനുള്ള ഭാരതീയം പുരസ്‌കാരം (2023), സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മികച്ച സിനിമ ലേഖകനുള്ള പുരസ്‌കാരം (2019) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

