കേരള ബാങ്കിനെതിരായ കേസിൽ അബ്ദുൽ ഹമീദ് എന്തിന് വിട്ടുനിന്നു - യു.ഡി.എഫ് ജില്ല ചെയർമാൻ
text_fieldsമലപ്പുറം: കേരള ബാങ്കിനെതിരായ കേസിൽ യു.ഡി.എഫ് ഭരിക്കുന്ന 98 സഹകരണ സംഘങ്ങൾ ഒരുമിച്ചു നിന്നപ്പോൾ പി. അബ്ദുൽ ഹമീദ് എം.എൽ.എ പ്രസിഡന്റായ പട്ടിക്കാട് സർവിസ് സഹകരണ ബാങ്ക് വിട്ടുനിന്നെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ. കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് അംഗമായതിൽ യു.ഡി.എഫ് പ്രവർത്തകർക്ക് പ്രയാസമുണ്ടെന്നും നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽനിന്ന് വിട്ടുനിന്നതിന്റെ പാരിതോഷികമാണോ ഡയറക്ടർ ബോർഡ് അംഗത്വം എന്ന് പറയേണ്ടത് പി. അബ്ദുൽ ഹമീദ് എം.എൽ.എ ആണ്. മലപ്പുറത്തെ 98 ബാങ്കുകളും ലയനത്തിന് എതിരായിരുന്നു. തുടക്കം മുതൽ തന്നെ കേസുമായി ഹമീദ് എം.എൽ.എ സഹകരിച്ചിട്ടില്ല. എന്തിന് വിട്ടുനിന്നുവെന്ന് അദ്ദേഹം പറയണം. വിഷയം മുസ്ലിം ലീഗിന്റെ ആഭ്യന്തര പ്രശ്നമാണ്. പ്രശ്നം തീർക്കേണ്ടത് ലീഗാണ്. ലീഗ് പ്രവർത്തകർക്കും ഈ വിഷയത്തിൽ അമർഷമുണ്ട് - പി.ടി. അജയ് മോഹൻ പറഞ്ഞു.