തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ് ഉദ്ഘാടനം ഇന്ന്
text_fieldsതലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറും നവീകരിച്ച ഒ.പി ബ്ലോക്കും ശനിയാഴ്ച വൈകീട്ട് മൂന്നിന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. കോവിഡ് കാലത്ത് സർക്കാർ ആതുരാലയത്തിലെത്തുന്ന രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ഇനി ആശുപത്രിയിൽ തന്നെ നിർമിക്കും. പ്ലാൻറിൽ നിന്ന് വാർഡുകളിൽ നേരിട്ട് ഓക്സിജൻ എത്തിക്കും.
വാർഡുകളിലെ 330 കിടക്കകളിലെ രോഗികൾക്കും ഓക്സിജൻ ലഭ്യമാകും. ലോക്ഡൗൺ കാലത്താണ് പ്ലാൻറ് നിർമാണം തുടങ്ങിയത്. തലശ്ശേരി സബ് കലക്ടർ ഓഫിസിൽ സബ് കലക്ടർ ആസിഫ് കെ. യൂസഫ്, എ.എൻ. ഷംസീർ എം.എൽ.എ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പീയൂഷ് നമ്പൂതിരിപ്പാട് എന്നിവർ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് ഓക്സിജൻ പ്ലാൻറ് എന്ന ആശയം രൂപപ്പെട്ടത്. എ.എൻ. ഷംസീർ എം.എൽ.എ ആസ്തിവികസന നിധിയിൽ 50ലക്ഷം രൂപ നൽകാൻ സന്നദ്ധനായതോടെ പദ്ധതിക്ക് വേഗം കൂടി. ലോക്ഡൗൺ സമയത്തുതന്നെ ജനറേറ്റർ അഹ്മദാബാദിൽനിന്ന് എത്തിച്ചു.
ഓക്സിജൻ പ്ലാൻറിനൊപ്പം വെൻറിലേറ്ററും ഉൾപ്പെടുന്നതാണ് പദ്ധതി.
ആർദ്രം പദ്ധതിയുടെ ഭാഗമായി എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ചാണ് ഒ.പി ബ്ലോക്ക് നവീകരിച്ചത്. മുഴുവൻ രോഗികൾക്കും ഓക്സിജൻ സൗകര്യം ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയായി തലശ്ശേരി ജനറൽ ആശുപത്രി മാറുകയാണ്. നാലു ടാങ്കുകൾ ഉപയോഗിച്ചാണ് ഓക്സിജൻ പ്ലാൻറിെൻറ പ്രവർത്തനം. പ്ലാൻറിൽ നിന്ന് ഓക്സിജൻ വാർഡുകളിലെത്തിക്കാൻ പൈപ്പ് ലൈൻ സ്ഥാപിച്ചു. ഇപ്പോൾ സിലിണ്ടറിലൂടെയാണ് രോഗികൾക്ക് ഓക്സിജൻ നൽകുന്നത്.