യുവതിയെ സ്പായിൽ മസാജ് ചെയ്യാൻ നിർബന്ധിച്ച ഉടമ അറസ്റ്റിൽ
text_fieldsകൊച്ചി: പേഴ്സനൽ സെക്രട്ടറിയായി ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലെത്തിച്ച യുവതിയെ ആയുർവേദ സ്പായിൽ മസാജ് ചെയ്യാൻ നിർബന്ധിച്ചയാൾ അറസ്റ്റിൽ. സ്പായുടെ സഹ ഉടമയെ തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയായ മറ്റൊരു ഉടമ ഒളിവിലാണ്.
പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന ഡിഫ്ലോറാ സ്പായുടെ ഉടമകളിലൊരാളായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നിധിനാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
ഓൺലൈൻ സൈറ്റായ ഒ.എൽ.എക്സിൽ നൽകിയ പേഴ്സനൽ സെക്രട്ടറിയുടെ ഒഴിവ് എന്ന പരസ്യം കണ്ടാണ് യുവതി ഫോണിൽ ബന്ധപ്പെടുന്നത്. തുടർന്ന് കൊച്ചിയിൽ എത്തിയ യുവതിയെ നിധിൻ ഇവരുടെ മറ്റൊരു ഓഫിസിൽ എത്തിച്ചു. തൊട്ടടുത്ത ദിവസം സ്പായിൽ കൊണ്ടുവരുകയും അർധനഗ്നയായി മസാജ് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.
വിസമ്മതിച്ച യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 30ഓളം യുവതികൾ സ്പായിൽ പ്രതികളുടെ നിർബന്ധത്തിന് വഴങ്ങി ജോലി ചെയ്യുന്നുണ്ടെന്നും സ്പായിൽ എത്തിയ ഒരാൾ മോശമായി പെരുമാറിയെന്നും പെൺകുട്ടി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

