Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളുകളെ കുത്തിനിറച്ച് യാത്ര; പ്രിയദർശിനി സർവിസ് ജീവന് ഭീഷണി

text_fields
bookmark_border
ആളുകളെ കുത്തിനിറച്ച് യാത്ര; പ്രിയദർശിനി സർവിസ് ജീവന് ഭീഷണി
cancel
camera_alt

കോ​ഴി​ക്കോ​ട് പു​തി​യ സ്റ്റാ​ൻ​ഡി​ൽനി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ ക​യ​റു​ന്ന സ്ത്രീ​ക​ൾ

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നു. സൗജന്യ യാത്രക്കെത്തുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ബസുകളിൽ യാത്രക്കാരെ കുത്തിനിറക്കുന്ന അവസ്ഥയാണുള്ളത്. തിരക്ക് കാരണം ബസിനുള്ളിൽ സൂചികുത്താൻ പോലും സ്ഥലമില്ലാത്തതിനാൽ സ്ത്രീകളടക്കമുള്ള യാത്രക്കാർ ഫുട്ട് ബോർഡിൽ തൂങ്ങി നിന്നാണ് യാത്ര ചെയ്യുന്നത്. ഇത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്. പ്രായമായവരും കുട്ടികളും അടക്കമുള്ളവർ തിരക്കിൽ ശ്വാസം മുട്ടിയാണ് യാത്ര ചെയ്യുന്നത്.

അടിയന്തര ഘട്ടങ്ങളിൽ ഒരാൾക്ക് അസ്വസ്ഥത ഉണ്ടായാൽ പോലും ബസിന് പുറത്തെത്തിക്കാൻ കഴിയാത്തവിധം ആളുകൾ കുത്തി നിറഞ്ഞിരിക്കുകയാണ്. തിരക്കുമൂലം പലപ്പോഴും ബസിന്റെ വാതിലടക്കാൻ കഴിയാറില്ല. ശേഷിയിൽ കൂടുതൽ ആളുകൾ കയറുന്നത് ബസിന്റെ ബ്രേക്കിങ് സംവിധാനത്തെയും നിയന്ത്രണത്തെയും ബാധിക്കാനും സാധ്യതയുണ്ട്. താമരശ്ശേരി, മുക്കം, തിരുവമ്പാടി റൂട്ടുകളിലേക്ക് കൂടുതലും കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആളുകൾ ആശ്രയിക്കുന്നത്. സ്റ്റാൻഡിലേക്ക് പോകാതെ പലരും അതത് സ്റ്റോപ്പുകളിലാണ് ബസ് കാത്തുനിൽക്കുക.

എന്നാൽ കെ.എസ്.ആർ.ടി.സി ബസ്‍സ്റ്റാൻഡിൽ നിന്ന് തന്നെ ആളുകളെ കുത്തി നിറച്ചാണ് പല ബസുകളും യാത്ര പുറപ്പെടുന്നത്. അതിനാൽ മറ്റ് സ്റ്റോപ്പുകളിൽ നിർത്തി കാത്തുനിൽക്കുന്ന യാത്രക്കാരെ കയറ്റാനും കഴിയുന്നില്ല. ഇനി അടുത്ത ബസിൽ പോകാമെന്ന് വിചാരിച്ചാലും കാര്യമുണ്ടാകില്ല. ആ ബസും എത്തുന്നത് അമിതമായി യാത്രക്കാരെ കയറ്റിയാണ്. ഇതുകാരണം ബസ് കിട്ടാതെ സ്ത്രീകൾ ഉൾപ്പടെ വീടുകളിലെത്താൻ വൈകുന്നു.

രാവിലെ ഓഫിസുകളിലും മറ്റും ജോലി ചെയ്യുന്നവരും ഇതേ പ്രശ്നം അനുഭവിക്കുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് പ്രശ്നം കൂടുതലുള്ളത്. ബസ് സർവിസിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവരാണ് വലയുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സർവിസുകൾ ആരംഭിക്കുകയോ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്നാണ് ആളുകളുടെ ആവശ്യം. അതുമല്ലെങ്കിൽ ഇത്തരം ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകൾക്കും സർവിസ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

50 ആണ് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുടെ സീറ്റിങ് കപ്പാസിറ്റി. അത്രയും ആളുകൾ നിന്നും യാത്ര ചെയ്യും. പ്രിയദർശിനി സർവിസ് ആരംഭിച്ചതോടെ നിന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണം 70 ഉം 80 ഉം ആയി. ആകെ യാത്രക്കാരുടെ എണ്ണം 140 വരെ ആയതായി ജീവനക്കാർ പറയുന്നു. ഒരു ദിവസം ഓർഡിനറി ബസിൽ യാത്ര ചെയ്യുന്നവരുടെ ആകെ എണ്ണം 1600 വരും. അതിനിടെ, പ്രിയദർശിനി ബസുകളുടെ സർവീസ് സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെ ജില്ലയിലെ സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെക്കാൻ ഒരുങ്ങുന്നതും യാത്രക്കാർക്ക് വെല്ലുവിളിയായിരിക്കുകയാണ്. യാത്രക്കിടയിൽ ബസ് മാറിക്കയറിയതിനെചൊല്ലിയും ബസ് നിർത്തുന്നതിനെ ചൊല്ലിയും കണ്ടക്ടറുമായി ഉണ്ടായ തർക്കങ്ങൾ സംഘർഷത്തിൽ കലാശിക്കുന്ന സംഭവങ്ങളുമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Overcrowding in Buses: Priyadarshini Service Poses a Threat to Life
Next Story