പ്രണയകുരുക്കിൽ അകപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നഷ്ടപ്പെട്ടത് 350 പെൺകുട്ടികളുടെ ജീവൻ
text_fieldsതിരുവനന്തപുരം: പ്രണയം മൂലം ജീവന്‍ നഷ്ടപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, 350 പെണ്‍കുട്ടികള്‍ / സ്ത്രീകള്‍ക്കാണ് പ്രണയത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണജോര്‍ജ് നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എം.കെ മുനീറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
350പേരിൽ 10 പേര്‍ കൊല്ലപ്പെടുകയും 340 പേര്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നും മന്ത്രി പറഞ്ഞു. പ്രണയം മൂലം ഏറ്റവും കൂടുതൽ മരണങ്ങള്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. 98 പേരാണ് മരിച്ചത്. രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയായിരുന്നു. പ്രേമിച്ച് വഞ്ചിച്ച കാമുകരാണ് രണ്ടു കൊലപാതകങ്ങള്‍ക്കും പിന്നില്‍. 96 പേർ പ്രണയ പരാജയത്തെത്തുടര്‍ന്ന് ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു.
തൊട്ടുമുന്‍ വര്‍ഷം പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് അഞ്ചു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍, പ്രണയ പരാജയം മൂലം നിരാശരായി ആത്മഹത്യ ചെയ്തത് 88 പെണ്‍കുട്ടികളാണ്. 2018 ല്‍ 76 പെണ്‍കുട്ടികളാണ് പ്രണയപരാജയത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
2017 ല്‍ 83 യുവതികള്‍ മരിച്ചു. ഇതില്‍ മൂന്നെണ്ണം കൊലപാതകമായിരുന്നു. കൊലപാതകത്തിന് പിന്നിൽ പ്രണയിക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്ത ആണ്‍സുഹൃത്തുക്കളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.