കലോത്സവത്തിനുമപ്പുറം
text_fieldsമുമ്പു നടന്ന കലോത്സവങ്ങളേക്കാൾ തൃശൂരിലെ കലോത്സവത്തെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഇതിലൊന്നാണ് തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയെ ചുറ്റിപ്പറ്റിയുള്ള പൊതു സ്റ്റാളുകൾ. സ്ത്രീകൾക്ക് സ്വയംപ്രതിരോധമാർഗം ലഘുവായി പരിശീലിപ്പിക്കുന്ന നിർഭയ സ്റ്റാൾ മുതൽ കൈകൊണ്ടു നിർമിച്ച പാവയെ വിൽക്കുന്ന പ്രവൃത്തിപരിചയ സ്റ്റാൾ വരെ ഒന്നു കയറിയിറങ്ങാൻ ഒരു ദിവസംകൂടി.
കാണാനേറെയുണ്ടീ പ്രദർശനത്തിൽ

എസ്.എസ്.എ, ജില്ല ലീഗൽ സർവിസ് അതോറിറ്റി, അസാപ്, എക്സൈസ് വകുപ്പ് തുടങ്ങിയവയുടെ പ്രദർശന സ്റ്റാളുകളടങ്ങിയതാണ് കലോത്സവപ്രദർശനം. പ്രധാനവേദിയുടെ കവാടത്തിനു സമീപം കിഴക്കേനടക്കുമുന്നിലായി കാണാം. വിദ്യാർഥികൾ കൈകൊണ്ട് നിർമിച്ച കരകൗശല വസ്തുക്കൾ, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ വിവിധ കൃഷിരീതികൾ പരിചയപ്പെടുത്തൽ, വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിെൻറ പഴം-പച്ചക്കറിത്തൈ വിൽപന, എക്സൈസിനു കീഴിലെ വിമുക്തിയുടെ ഭാഗമായി ലഹരിബോധവത്കരണം തുടങ്ങിയവയെല്ലാം ഇതിലൊരുക്കിയിട്ടുണ്ട്.
ഓടിനടക്കും ചിത്രപ്രദർശനം
കലോത്സവപ്രദർശനത്തോടനുബന്ധിച്ച് ലളിതകല അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രപ്രദർശനവുമുണ്ട്. ഒരു എ.സി ബസിൽ 19 മനോഹരമായ ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദിവസവും ആയിരത്തോളം പേർ ഈ പ്രദർശനം കാണാനെത്തുന്നുണ്ടെന്ന് സംഘാടകർ പറയുന്നു. ഒരേസമയം 15 പേർക്ക് കാണാം. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം.
അടിതട പഠിക്കാൻ ഇവിടെ വരൂ
കേരള പൊലീസിെൻറ വനിത സ്വയംസുരക്ഷ പരിശീലന പരിപാടിയാണ് വേദിയിലെ ഏറ്റവും ജനപ്രിയ സ്റ്റാളുകളിലൊന്ന്. ചുരുങ്ങിയ നാളുകൾകൊണ്ട് 5000ത്തോളം പേർ സ്ത്രീ പ്രതിരോധ ബോധവത്കരണ ക്ലാസ് കേൾക്കാനും കൊച്ചുകൊച്ചു പ്രതിരോധമാർഗങ്ങൾ പഠിച്ചെടുക്കാനും ഇവിടെയെത്തി. പെട്ടെന്നൊരാൾ ആക്രമിച്ചാൽ എന്തുചെയ്യണം, എതിരാളിയുടെ മർമമറിഞ്ഞ് എതിരിടേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിന്നറിയാം. തിരുവനന്തപുരത്തെ എസ്.പി.സി.ഒമാരായ ജയമേരി, സുൽഫത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പരിശീലനവും ബോധവത്കരണവും നടത്തുന്നത്.
കൺട്രോളിലാക്കാൻ പൊലീസുണ്ട്
പൊലീസ് കൺട്രോൾ റൂം ആൻഡ് പബ്ലിക് ഇൻററാക്ഷൻ സെൻറർ എന്ന പേരിൽ പ്രധാനകവാടത്തിനു തൊട്ടടുത്തുതന്നെ വിശാലമായ സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കലോത്സവനഗരിയിലെ പൊലീസുകാർ ക്രമസമാധാനം പാലിക്കുന്നത്. കൺട്രോൾ റൂമിൽ 24 മണിക്കൂറും 14 പൊലീസുകാർ സേവനസന്നദ്ധരായുണ്ട്. ഡിവൈ.എസ്.പി എസ്. അമ്മിണിക്കുട്ടനാണ് ചുമതല. മീഡിയ ഹബ്ബിനടുത്തായി കെ.പി.എ, കെ.പി.ഒ.എ എന്നിവയുടെ േനതൃത്വത്തിൽ കുടിവെള്ളം-ചുക്കുകാപ്പി-ഔഷധവെള്ള വിതരണവും നടക്കുന്നു.
സെൽഫി വേണ്ട, മൈ സ്റ്റാമ്പ് എടുക്കൂ

സെൽഫികളുടെ കാലത്ത് സ്വന്തം മുഖം സ്റ്റാമ്പിലടിച്ചുവന്നാൽ ഒരു വ്യത്യസ്തതയുണ്ടാവില്ലേ, അതിനുള്ള അവസരമാണ് തൃശൂർ ഫിലാറ്റലി ബ്യൂറോയുടെ കീഴിലുള്ള മൈ സ്റ്റാമ്പ് സ്റ്റാളൊരുക്കുന്നത്. 300 രൂപക്ക് 10 മിനിറ്റിൽ 12 സ്റ്റാമ്പുകൾ കിട്ടും. 500ഓളം പേർ ഇതിനോടകം മൈ സ്റ്റാമ്പ് വാങ്ങിക്കഴിഞ്ഞു. മന്ത്രിമാരായ വി.എസ്. സുനിൽകുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഇതിൽ പ്രമുഖരാണ്. 5000ത്തോളം പേർ ഇവിടം സന്ദർശിക്കുകയും ചെയ്തു. പണവും വിലാസവും നൽകി മടങ്ങുന്നവർക്ക് തപാലിലൂടെ അയച്ചുകൊടുക്കുന്നുമുണ്ട്.
കരുത്തരായി കുട്ടിക്കൂട്ടം
എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജനമൈത്രി പൊലീസ്, നിർഭയ പരിശീലകർ എന്നിങ്ങനെയായി നൂറുകണക്കിന് പേരാണ് കലോത്സവനഗരിയുടെ ഓരോ മുക്കിലും മൂലയിലും സേവനമനുഷ്ഠിക്കുന്നത്. ട്രാഫിക് പൊലീസിനെ സഹായിക്കുന്നതു മുതൽ സ്റ്റേജിൽ കർട്ടൻ വലിക്കുന്നതുവരെ ഇവർ ചെയ്യുന്നു. 24 മണിക്കൂറും സേവനം ലഭ്യമാണ്. ഡിവൈ.എസ്.പി (അഡ്മിൻ), 105 പെൺകുട്ടികളുൾെപ്പടെ 400 എൻ.സി.സി കാഡറ്റുകളുണ്ട്. കേണൽ എച്ച്. പത്മനാഭെൻറ കീഴിലാണ് ഇവരുെട പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
