അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളിൽ 21 മരണമെന്ന് സർക്കാർ
text_fieldsകൊച്ചി: അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ 21പേര് മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ ജയിൽപരിഷ്കരണ നിർദേശങ്ങൾ കണക്കിലെടുത്ത് ഹൈകോടതി സ്വമേധയാ പരിഗണിച്ച പൊതുതാൽപര്യഹരജിയിലാണ് 2011 മുതല്‍ 2016 വരെ കാലയളവിൽ മരിച്ചവരുടെ എണ്ണം അറിയിച്ചത്.
അസ്വാഭാവിക മരണമായാണ് എല്ലാം രജിസ്റ്റർ ചെയ്തത്. മരിച്ചവരിൽ ചിലരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയതായും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യങ്ങൾകൂടി ഉൾപ്പെടുത്തി പത്ത് ദിവസത്തിനകം വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാറിനോട് നിർദേശിച്ചു.
2012 മുതലുള്ള കാലയളവിൽ തടവിൽ കഴിയവെ അസ്വാഭാവിക മരണം സംഭവിച്ചവരുടെ ഉറ്റവരെ കണ്ടെത്തി നഷ്ടപരിഹാരം നൽകാൻ ഹൈകോടതികൾ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി, ഡയറക്ടർ, ഡി.ജി.പി, ജയിൽ ഡി.ജി.പി എന്നിവരെ എതിർകക്ഷികളാക്കി ഹൈകോടതി വിഷയം പരിഗണിക്കുന്നത്.
പൊലീസ് അതിക്രമം, കസ്റ്റഡി മരണം തുടങ്ങിയവ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.സി. ലഹോട്ടി എഴുതിയ കത്ത് പൊതുതാൽപര്യഹരജിയായി പരിഗണിച്ചാണ് നടപടിയെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
