മെഡി. കോളജിലെ പൊട്ടിത്തെറി; സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് ഏറ്റെടുക്കുന്നതിൽ അവ്യക്തത
text_fieldsകോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂം സന്ദർശിച്ചശേഷം മന്ത്രി വീണാ ജോർജ് പുറത്തുവരുന്നു
കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ പുക ഉയർന്നതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുന്നതിൽ അവ്യക്തത തുടരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സ ചെലവ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്, ചികിത്സ നിഷേധിക്കാൻ പാടില്ലെന്നും സ്വകാര്യ ആശുപത്രി അധികൃതരുമായി സംസാരിച്ച് ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നുമാണ് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞത്. ചികിത്സയിലുള്ളവർക്ക് തിരിച്ച് മെഡിക്കൽ കോളജിലേക്ക് തന്നെ വരാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുക ഉയർന്നതിനുപിന്നാലെ അത്യാഹിത വിഭാഗത്തിലുള്ളവരെ ബീച്ച് ജനറൽ ആശുപത്രിയിലും നഗരത്തിലെ മറ്റ് ആറ് സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. ഇതിൽ പലരോടും ചികിത്സ തുടരണമെങ്കിൽ പണമടക്കണമെന്നു സ്വകാര്യ ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതോടെ സ്വകാര്യ ആശുപത്രി ചെലവ് ഭാരിച്ചതാണെന്നും ഇതുവരെയുള്ള ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് രോഗികളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
അമ്പതിനായിരം രൂപവരെ ചികിത്സാ ചെലവിനത്തിൽ വന്നുവെന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ ബന്ധുക്കൾ പറയുന്നു. ഇത്രയും തുക നൽകാൻ സാധിക്കാത്ത അവസ്ഥയാണ് പലർക്കും. ഈ സാഹചര്യത്തിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് രോഗികളും കൂട്ടിരിപ്പുകാരും.
ഹൃദയാഘാതത്തെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിഞ്ഞ മേപ്പയൂർ സ്വദേശി വിശ്വനാഥനെ (65) ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇദ്ദേഹത്തിന്റെ ചികിത്സാരേഖകൾ പോലും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചില്ലെന്നാണ് മകൻ വിഷ്ണു പരാതി പറയുന്നത്.
ചികിത്സ ഇനത്തിൽ ഇതിനോടകം 46,000 രൂപയോളം ചെലവുവന്നുവെന്നാണ് സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചത്. സ്വകാര്യ ആശുപത്രിയിലെ ബിൽ തുക താങ്ങാനാവുന്നതിനപ്പുറമാണെന്നും ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്നും വിഷ്ണു പറഞ്ഞു.
നസീറയുടെ മൃതദേഹം സംസ്കരിച്ചു
മേപ്പാടി: മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ പൊട്ടിത്തെറിക്കിടെ മരിച്ച മേപ്പാടി ചെമ്പോത്തറ സ്വദേശിനി പരേതനായ മുഹമ്മദാലിയുടെ ഭാര്യ നസീറയുടെ മൃതദേഹം ശനിയാഴ്ച വൈകീട്ട് ആറരയോടെ മേപ്പാടി ജുമാ മസ്ജിദ് ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കളും നാട്ടുകാരുമായി നിരവധി പേർ സംസ്കാര ചടങ്ങുകളിൽ സംബന്ധിച്ചു.
വിഷാംശം ഉള്ളിൽച്ചെന്ന് അവശനിലയിൽ കഴിഞ്ഞ വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഇവർ വെള്ളിയാഴ്ച വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ ദുരന്തത്തിനിടെയാണ് മരിച്ചത്. നസീറയുടെ മരണം സംഭവിച്ചതെങ്ങനെ എന്നുള്ള വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

