പുറമ്പോക്ക് കയ്യേറ്റം; ശാന്തൻപാറയിലെ സി.പി.എം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി
text_fieldsമൂന്നാർ: വിവാദങ്ങൾക്കൊടുവിൽ ശാന്തൻപാറയിലെ സി.പി.എം ഓഫീസിന്റെ സംരക്ഷണഭിത്തി പാർട്ടി ഇടപ്പെട്ട് പൊളിച്ചുനീക്കി. പുറമ്പോക്ക് കയ്യേറി നിർമിച്ചതാണെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയ മതിലാണ് പൊളിച്ചുനീക്കിയത്.
കെട്ടിടം നിർമിച്ചത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും പുറമ്പോക്ക് കൈവശപ്പെടുത്തിയെന്നുമാണ് കണ്ടെത്തിയിരുന്നത്. താലൂക്ക് സർവെയർ അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പൊളിച്ചത്. ഗാർഹികേതര നിർമാണമായതിനാൽ റവന്യൂവകുപ്പ് എൻ.ഒ.സി നിഷേധിച്ചിരുന്നു. ഗാർഹിക ആവശ്യത്തിന് മാത്രം കെട്ടിടം നിർമിക്കാൻ അനുമതിയുള്ള സ്ഥലത്താണ് വാണിജ്യാവശ്യത്തിനുള്ള നിർമാണം നടന്നത്.
2022 നവംബർ 25നാണ് സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ പേരിൽ ശാന്തൻപാറ ടൗണിലുള്ള എട്ടു സെന്റ് ഭൂമിയിൽ ബഹുനില ഓഫിസ് മന്ദിരം നിർമിക്കുന്നതിനെതിരെ റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയത്. എന്നാൽ അവഗണിച്ച് നിർമാണം നടന്നിരുന്നു. ഹൈകോടതിയിൽ ഭൂസംബന്ധമായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് മുൻപിൽ ലഭിച്ച പരാതിയെ തുടർന്ന് നിർമാണം വിലക്കി കോടതി ഇടക്കാല ഉത്തരവ് പുറത്തുവിട്ടു.
വീണ്ടും വിലക്ക് ലംഘിച്ചുവെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിനെ തുടർന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോടതി ഇനിയാെരുത്തരവുണ്ടാകും വരെ ശാന്തൻപാറയിലെ സി.പി.എം ഓഫിസ് തുറന്നു പ്രവർത്തിക്കരുതെന്നും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

