സൂരജ് ലാമയെ നമ്മുടെ സിസ്റ്റം കൊലക്ക് കൊടുത്തു -ഹൈകോടതി
text_fieldsകൊച്ചി: കുവൈത്തിൽനിന്ന് സുരക്ഷിതമായി നാട്ടിലെത്തിയ സൂരജ് ലാമയെ നമ്മുടെ രാജ്യത്തെ ‘സിസ്റ്റം’ കൊലക്ക് കൊടുത്തെന്ന് ഹൈകോടതി. കുവൈത്തിൽ കൃത്യമായി പ്രവർത്തിച്ച സിസ്റ്റം ഇവിടെ പാളി. സ്വന്തം രാജ്യത്ത് അയാൾ അന്യനായി. മറ്റൊരു രാജ്യത്തുനിന്ന് ഒരാളെ നാടുകടത്തുമ്പോൾ സ്വീകരിക്കേണ്ട പ്രോട്ടോക്കോൾ എന്തെന്ന് കേന്ദ്ര സർക്കാർ അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. അതേസമയം, സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കഴിഞ്ഞ ദിവസം കളമശ്ശേരിയിൽനിന്ന് ലഭിച്ചെങ്കിലും ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിക്കാത്തതിനാൽ സ്ഥിരീകരിക്കാനായില്ലെന്ന് സർക്കാർ അറിയിച്ചു. സൂരജ് ലാമയുടെ മകൻ സാന്റോൺ ഫയൽ ചെയ്ത ഹേബിയസ് കോർപസ് ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
നാടുകടത്തപ്പെട്ട സൂരജ് ലാമക്ക് എന്തു പറ്റിയെന്നതിൽ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ഉത്തരം നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി ഓർമിപ്പിച്ചു. ഇതിൽ സമഗ്രമായ റിപ്പോർട്ട് നൽകണം. രോഗം, ഭീകരവാദ ആരോപണമടക്കം പല കാരണങ്ങളാലാവും ഒരാൾ നാടുകടത്തപ്പെടുന്നത്. എന്നാൽ, നാടുകടത്തപ്പെട്ടയാൾ സ്വന്തമായാണ് എമിഗ്രേഷൻ കടമ്പകൾ പൂർത്തിയാക്കിയതെന്ന് പറയാനാകില്ല. സൂരജ് ലാമക്ക് ഓർമപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. മെഡിക്കൽ കോളജിലെത്തിച്ച അദ്ദേഹത്തെ അവിടെനിന്നാണ് കാണാതായത്. പൊലീസിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും ആശുപത്രി അധികൃതർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. ഹരജി ഡിസംബർ പത്തിന് വീണ്ടും പരിഗണിക്കും.
അതിനിടെ, കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന ആലുവ ഡിവൈ.എസ്.പി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ബംഗളുരുവിൽ താമസക്കാരനായ സൂരജ് ലാമ ( 59) ഒക്ടോബർ അഞ്ചിന് പുലർച്ചെയാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. കുവൈത്ത് വിഷമദ്യ ദുരന്തത്തിനിരയായി ഓർമ നഷ്ടപ്പെട്ട നിലയിലായിരുന്നു. അലഞ്ഞുനടക്കുന്ന രീതിയിൽ കണ്ട അദ്ദേഹത്തെ തൃക്കാക്കര പൊലീസാണ് എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിപ്പിച്ചത്. അവിടെനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

