രാജ്യത്തെ ഭീതി വിഴുങ്ങുന്നു -എം.വി. ശ്രേയാംസ്കുമാർ
text_fieldsവക്കം മൗലവി സ്മാരക ഗവേഷണകേന്ദ്രം സംഘടിപ്പിച്ച വക്കം മൗലവിയുടെ 150ാം ജന്മദിനസമ്മേളനം എം.വി. ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ഫാഷിസം ഭീതിപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിക്കുന്ന കാലമാണിതെന്നും രാജ്യമാകെ നിറഞ്ഞുനിൽക്കുന്ന ഭയത്തിൽനിന്ന് മോചനം നേടാൻ യഥാർഥ നവോത്ഥാനം ആരംഭിക്കേണ്ട സമയമായെന്നും മുൻ രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്കുമാർ. രാജ്യമാകെ അപകടകരമായ സാമൂഹികാന്തരീക്ഷമാണ് ഇപ്പോൾ. പലതും ഉള്ളുതുറന്ന് സംസാരിക്കാനാകാത്ത സ്ഥിതിയാണ്.
വക്കം മൗലവി സ്മാരക ഗവേഷണകേന്ദ്രം സംഘടിപ്പിച്ച വക്കം മൗലവിയുടെ 150ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ അവസ്ഥയിൽ സത്യം തുറന്നുപറയാൻ ധൈര്യമുള്ളവർ ഉണ്ടായാൽ അവരുടെ സ്ഥിതി അപകടകരമായിരിക്കും. പത്രസ്വാതന്ത്ര്യം ഇന്ന് വലിയൊരു സമസ്യയാണ്. രാജ്യത്ത് എന്തുനടക്കുന്നുവെന്ന് ദേശീയമാധ്യമങ്ങളിലൂടെ അറിയാനാകില്ല.
വാർത്ത ഹിതകരമല്ലെങ്കിൽ സൈബർ പോരാളികളെ വിട്ട് വ്യക്തിപരമായി ആക്രമിക്കുന്നു. ഇന്നലെവരെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയായിരുന്നെന്നും ഇനിമുതൽ വേറൊരാളാണെന്നുമാണ് ഒരു ഉപമുഖ്യമന്ത്രിയുടെ ഭാര്യ കഴിഞ്ഞദിവസം പറഞ്ഞത്.
ഗാന്ധിജിയെ ആരും അടിച്ചേൽപിച്ചതല്ല. ഗാന്ധിജി നമ്മുടെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവർത്തനം കൂടുതൽ വെല്ലുവിളി നേരിടുന്ന പ്രച്ഛന്നമായ അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് വക്കം മൗലവി സ്മാരക പ്രഭാഷണം നടത്തിയ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. അബ്ദുറഹ്മാൻ മങ്ങാട് സമാഹരിച്ച ‘ഐക്യസംഘം രേഖകൾ’ ഡോ. ബി. ഇക്ബാൽ പ്രകാശനം ചെയ്തു. സ്മാരക ഗവേഷണകേന്ദ്രം പ്രസിഡന്റ് പ്രഫ. എം. താഹിർ പുസ്തകം സ്വീകരിച്ചു.
കാലിക്കറ്റ് സർവകലാശാലയിലെ സി.എച്ച്. മുഹമ്മദ്കോയ ചെയർ ഡയറക്ടർ ഖാദർ പാലാഴി, ഗവേഷണകേന്ദ്രം ഭരണസമിതിയംഗം ആസിഫ് അലി, ഡോ. കെ.എം. സീതി, ഷൈജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

