You are here

ഒറ്റമശ്ശേരി ഇരട്ടക്കൊലപാതക കേസ്​; അഞ്ച് പ്രതികൾക്ക്​ ജീവപര്യന്തം കഠിന തടവ്​ 

  • ഒരു ലക്ഷം വീതം പിഴ

16:45 PM
03/08/2019

ആലപ്പുഴ: നാടിനെ നടുക്കിയ കണിച്ചുകുളങ്ങര മോഡല്‍ ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ അഞ്ച് പ്രതികളെ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ വീതം പിഴയും ഇവര്‍ ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. 

അനധികൃതമായി സംഘം ചേരല്‍, ക്രിമിനല്‍ ഗുഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്. നേരത്തെ മൂന്ന് പ്രതികളെ കോടതി വെറുതെ വെറുതെവിട്ടിരുന്നു.പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡില്‍ കാട്ടുങ്കല്‍ തയ്യില്‍ യോഹന്നാൻെറ മകന്‍ ജോണ്‍സണ്‍ (40), 19-ാം വാര്‍ഡില്‍ കളത്തില്‍ പാപ്പച്ചൻെറ മകന്‍ സുബിന്‍ (ജസ്റ്റിന്‍ സൈറസ്-27) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ജഡ്ജി സി.എന്‍ സീത വിധി പറഞ്ഞത്. 

ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ പട്ടണക്കാട് തയ്യില്‍ വീട്ടില്‍ പോണ്‍സന്‍ (33), സഹോദരന്‍ ടാലിഷ് (37), ചേര്‍ത്തല ഇല്ലത്തുവെളി ഷിബു (തുമ്പി ഷിബു 48), തണ്ണീര്‍മുക്കം വാരണം മേലോകോക്കാട്ടുചിറയില്‍ അജേഷ് (31), സഹോദരന്‍ വിജേഷ് (34) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പാണാവള്ളി വാത്സല്യം വീട്ടില്‍ ബിജുലാല്‍ (45), പെരുമ്പടം മേലാക്കാട് വീട്ടില്‍ അനില്‍ (41), സഹോദരന്‍ സനല്‍കുമാര്‍ (37) എന്നിവരെയാണ് വെറുതെവിട്ടത്.

പ്രതികള്‍ക്ക് താമസസൗകര്യം ഒരുക്കിയ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 2015 നവംബര്‍ 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. പട്ടണക്കാട് പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലപ്പെട്ട ജോണ്‍സൻെറ വീട്ടില്‍ നടന്ന ഒരു ചടങ്ങിനിടയില്‍ അയല്‍വാസിയായ ടാനിഷ് ഭീരകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന് ടാനിഷും ജോണ്‍സണുമായി പലതവണ സംഘട്ടനമുണ്ടായി. 

ഈ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജോണ്‍സനേയും സുബിനേയും ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ലോറിയില്‍ പിന്തുടര്‍ന്നശേഷം ഒറ്റമശ്ശേരി സ​​െൻറ് പീറ്റേഴ്‌സ് ബസ് സ്റ്റാന്റിന് സമീപം വെച്ച് ഇടിപ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ ഇവരുടെ ദേഹത്ത് വാഹനം കയറ്റി മരണം ഉറപ്പാക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൊലപാതകത്തിന് ശേഷം പ്രതികള്‍ രക്ഷപെടുന്നതിനിടയില്‍ ഇവരുടെ ലോറി മറ്റ് വാഹനങ്ങളിലും തട്ടുകയും കേടാവുകയും ചെയ്തു. പിന്നീട് നാട്ടുകാരാണ് ഷിബുവിനെ പിടികൂടിയത്. ആറ് മാസം നീണ്ട കോടതി വിചാരണയില്‍ പ്രോസിക്യൂഷന്‍ ഭാഗം 51 സാക്ഷികളേയും പ്രതിഭാഗം രണ്ട് സാക്ഷികളേയും വിസ്തരിച്ചു. 88 രേഖകളും അഞ്ച് തൊണ്ടിസാധനങ്ങളും തെളിവാക്കി.

കുത്തിയതോട് സി.ഐ. കെ ആര്‍ മനോജ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി ഗീത, പി.പി ബൈജു, എന്‍ ജി സിന്ധു എന്നിവര്‍ ഹാജരായി. വിധിപ്രസ്താവത്തില്‍ സംതൃപ്തിയുണ്ടെന്ന് കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിധി കേള്‍ക്കാന്‍ വന്‍ ജനകൂട്ടമാണ് കോടതിക്ക് മുന്നില്‍ എത്തിയത്.


 

Loading...
COMMENTS