Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുളന്തുരുത്തി പളളിയുടെ...

മുളന്തുരുത്തി പളളിയുടെ താക്കോല്‍ കൈമാറുമെന്നാണ് പ്രതീക്ഷയെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

text_fields
bookmark_border
മുളന്തുരുത്തി പളളിയുടെ താക്കോല്‍ കൈമാറുമെന്നാണ് പ്രതീക്ഷയെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം
cancel

കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനത്തില്‍പെട്ട മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പളളിയുടെ താക്കോല്‍ കോടതിവിധി അനുസരിച്ച് നിയമാനുസൃത വികാരിക്ക് സമാധാനപരമായി കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപോലീത്ത. ചര്‍ച്ചകള്‍ക്ക് വേണ്ടി നിരന്തരം മുറവിളി കൂട്ടുകയും അവസാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തും എന്ന് മുഖ്യമന്ത്രിയ്ക്ക് വാഗ്ദാനം നല്‍കിയതായി മാധ്യമങ്ങളിലൂടെ പ്രസ്താവിക്കുകയും ചെയ്തവര്‍ മുളന്തുരുത്തി പളളിയില്‍ സമാധാന ലംഘനത്തിന് കൂട്ട് നില്‍ക്കയില്ലെന്നു വിശ്വസിക്കുന്നു. മുളന്തുരുത്തി പളളിയെ സംബന്ധിച്ച് പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ എല്ലാ വാദങ്ങളും തളളി കൊണ്ടാണ് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കുന്നത്. പളളിയുടെ താക്കോല്‍ ഹൈകോടതി വിധി അനുസരിച്ച് നിയമാനുസൃത വികാരിക്ക് കൈമാറുന്നതിനുളള എല്ലാ തടസങ്ങളും ഇതോടെ നീങ്ങിയിരിക്കുന്നു. നിർധിഷ്ട കാലാവധിക്കുളളില്‍ ജില്ലാ ഭരണകൂടം താക്കോല്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2019 ഒക്‌ടോബര്‍ 25നാണ് മുളന്തുരുത്തി പളളി 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് വിധി ഉണ്ടാകുന്നത്. പാത്രിയര്‍ക്കീസ് വിഭാഗത്തിന് തങ്ങളുടെ വാദങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് 2020 മെയ് 18ന് ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായി പൊലീസ് പ്രൊട്ടക്ഷന്‍ അനുവദിച്ചു. ഇതിനെതിരെയെല്ലാം പാത്രിയര്‍ക്കീസ് വിഭാഗം അപ്പീല്‍ നല്‍കിയെങ്കിലും അവയെല്ലാം കോടതി തളളുകയാണുണ്ടായത്.

2020 ഓഗസ്റ്റ് 17 തിങ്കളാഴ്ച 10 മണിക്ക് മുമ്പ് പളളി ഏറ്റെടുക്കണമെന്ന് കേരള ഹൈകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം പളളി ഏറ്റെടുത്തത്. കേസുകള്‍ കൊടുക്കുകയും വിധി എതിരായി വരുമ്പോള്‍ അംഗീകരിക്കില്ലയെന്ന് പറയുകയും അതിന് എതിരെ പ്രക്ഷോഭം സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുകയും ചെയ്യുന്നത് അപലപനീയമാണ്. ഈ പരമാർഥം പാത്രിയര്‍ക്കീസ് വിഭാഗം മനസിലാക്കുമെന്നും സമചിത്തതയോടെ പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നതായി മാര്‍ ദീയസ്‌കോറോസ് പറഞ്ഞു.

Show Full Article
TAGS:Mulanthuruthy Marthoma Church Orthodox Yakobaya 
News Summary - Orthodox-Yakobaya Issue in Mulanthuruthy Marthoma Church
Next Story