‘നൂറു രൂപയെങ്കിലും കൂട്ടിക്കിട്ടാൻ ആശവർക്കർമാർ ആഗ്രഹിക്കുന്നു’; ഈസ്റ്റർ സന്ദേശത്തിൽ സർക്കാറിനെതിരെ ഓർത്തഡോക്സ് സഭ
text_fieldsകോട്ടയം: സെക്രട്ടേറിയറ്റ് മുമ്പിലെ ആശവർക്കർമാർ തുടർന്ന അനിശ്ചിതകാല സമരത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ. ആശവർക്കർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഹരിക്കാൻ സർക്കാർ തയാറാവണമെന്ന് അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ.
നൂറു രൂപയെങ്കിലും കൂട്ടിക്കിട്ടാൻ ആശവർക്കർമാർ ആഗ്രഹിക്കുന്നു. അതിനെതിരെ മുഖം തിരിക്കുന്ന സർക്കാറിന്‍റെ നടപടി പുനഃപരിശോധിക്കണമെന്നും കത്തോലിക്ക ബാവ ആവശ്യപ്പെട്ടു.
കേരളത്തിൽ മലയോര ജനതയും ആദിവാസി സമൂഹവും വന്യമൃഗങ്ങളുടെ തടവറയിലാണ്. വനം വകുപ്പ് പരിശ്രമിച്ചാൽ മാത്രമേ ആ ജനതക്ക് സമാധാനവും പ്രത്യാശയും ലഭിക്കൂ. മുനമ്പത്തെ ജനതക്ക് പ്രത്യാശയുണ്ടാകണം. സർക്കാർ അവരുടെ പ്രശ്നം പരിഹരിക്കണം.
മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വേദനാജനകമാണ്. പ്രതിസന്ധികളിൽപ്പെടുന്നവർക്ക് കൈത്താങ്ങേകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം.
ഗസ്സയിലും യുക്രെയ്നിലും ജനം ഭീതിയോടെയാണ് കഴിയുന്നതെന്നും അനേകായിരം നിർദോഷികൾ കൊല്ലപ്പെടുന്നു. യുദ്ധങ്ങൾ അവസാനിച്ച് സമാധാനം സ്ഥാപിക്കപ്പെടാൻ പ്രാർഥിക്കണമെന്നും കത്തോലിക്ക ബാവ ഈസ്റ്റർ സന്ദേശത്തിൽ വ്യക്തമാക്കി.
അതേസമയം, ഓണറേറിയം അടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആശവർക്കർമാർ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരം 70-ാം ദിവസത്തിലേക്ക് കടന്നു. സമാന്തരമായി നടക്കുന്ന ആശവർക്കർമാരുടെ അനിശ്ചിതകാല നിരാഹാര സമരം 32-ാം ദിവസവും തുടരുകയാണ്.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ആശമാരുമായി ചര്ച്ചക്ക് പുതിയ സാഹചര്യം ഒന്നുമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

