‘അസഹിഷ്ണുത ഭാരതത്തിന്‍റെ ശോഭ കെടുത്തും; തീവ്രമതവാദികൾക്കെതിരെ നടപടി വേണം’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ അപലപിച്ച് ഓർത്തഡോക്സ് സഭ
text_fieldsകോട്ടയം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്. എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ബഹുസ്വരതയാണ് ഭാരതത്തെ ലോകത്തിന് മുന്നിൽ വേറിട്ട് നിർത്തുന്നത്. ദൗർഭാഗ്യവശാൽ ഛത്തീസ്ഗഡ് സംഭവം ലോകരാജ്യങ്ങൾക്ക് മുന്നിൽ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചിരിക്കുന്നുവെന്നും സുന്നഹദോസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഛത്തീസ്ഗഡിലെ ദുർഗിൽ പൊലീസിന്റെ കൺമുന്നിൽവെച്ചാണ് മതഭ്രാന്തരുടെ ചോദ്യമുനകളാൽ രണ്ട് കന്യാസ്ത്രീകൾക്ക് മുറിവേറ്റത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഇരുവരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്. മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗം രാജ്യവ്യാപകമായി നടക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഛത്തീസ്ഗഡ് സംഭവം. രാജ്യത്ത് മതനിരപേക്ഷത കടുത്ത ഭീഷണി നേരിടുകയാണെന്നും സുന്നഹദോസ് വിലയിരുത്തി.
അശരണരെയും ആലംബഹീനരെയും കൈപിടിച്ചുയർത്തുക എന്നത് ക്രൈസ്തവ ധർമമാണ്. ആദിവാസി-ദലിത് സമൂഹങ്ങൾക്കിടയിൽ സമാനതകളില്ലാത്ത മിഷൻ പ്രവർത്തനമാണ് സഭകൾ നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി നിരവധി മേഖലകളിൽ ക്രൈസ്തവ സമൂഹം ശ്രദ്ധേയമായ ദൗത്യം നിർവഹിക്കുന്നു. ഇതിനെയെല്ലാം വിദ്വേഷ മനോഭാവത്തോടെ കാണുന്നവർ ഈ രാജ്യത്തിന്റെ പുരോഗതിക്ക് തുരങ്കം വെക്കുകയാണ്.
ഇത്തരം തീവ്രമതവാദികൾക്കെതിരെ നടപടിയെടുക്കാൻ ഭരണകർത്താക്കൾ തയാറാകണം. ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രൈസ്തവ പീഡനങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ സുന്നഹദോസ്, ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

