ചർച്ച് ബില്ല് അംഗീകരിക്കരുതെന്ന് ഗവർണറോട് കാതോലിക്ക ബാവ; നിയമം പാലിക്കുമെന്ന് ഗവർണറുടെ ഉറപ്പ്
text_fieldsകോട്ടയം: ചർച്ച് ബിൽ കൊണ്ടുവന്ന് സഭ സ്വാതന്ത്ര്യവും തനിമയും നഷ്ടപ്പെടുത്താമെന്ന് വിചാരിക്കുന്നവർ മൂഢസ്വർഗത്തിലാണെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. സമാധാനചർച്ചകൾക്ക് സഭ തയാറാണ്. എന്നാൽ, സഭയുടെ അസ്ഥിവാരം തോണ്ടുന്ന തരത്തിലുള്ള ചർച്ചകൾക്ക് കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നടന്ന മാർത്തോമ പൈതൃക സംഗമ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കാതോലിക്കബാവ. സുപ്രീംകോടതി വിധിക്കുമേൽ സർക്കാർ നിയമം കൊണ്ടുവന്നാൽ (ചർച്ച് ബിൽ) അംഗീകരിക്കരുതെന്നും കേരള ഗവർണറോട് അദ്ദേഹം അഭ്യർഥിച്ചു.
മന്ത്രിമാരായ വി.എൻ. വാസവനും വീണ ജോർജും വേദിയിലിരിക്കെയായിരുന്നു, സമ്മേളനത്തിന്റെ ഉദ്ഘാടകനായ ഗവർണറോടുള്ള കാതോലിക്ക ബാവയുടെ അഭ്യർഥന.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മലങ്കരസഭക്ക് കീഴിലെ 1662 പള്ളികളും 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം. ഈ വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 145 വർഷം മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വാതന്ത്ര്യത്തിനായി നിയമയുദ്ധം നടത്തിയവരാണ് വിശ്വാസികൾ. ഇതിൽ വെള്ളംചേർക്കുന്ന നടപടികൾ അനുവദിക്കില്ലെന്നും ബാവ പറഞ്ഞു.
പരിശുദ്ധ ചേർത്ത് അഭിസംബോധന ചെയ്യാൻ ഒരു സഭയുടെ പരമാധ്യക്ഷന്‍ മാത്രമാണ് അധികാരം. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മലങ്കര മെത്രാപ്പോലീത്തയാണ്. അങ്ങനെ കേരളത്തിൽ ഒരാൾ മാത്രമേയുള്ളൂ. മറ്റാർക്കും അതിന് അധികാരമില്ലെന്നും കാതോലിക്ക ബാവ പറഞ്ഞു.
നിയമം പാലിക്കുമെന്ന് ഗവർണർ
കോട്ടയം: ഭരണഘടനയെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമം അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.
നിയമവും ഭരണഘടനയും അനുസരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഗവര്‍ണറായ തനിക്ക് പോലും ഉത്തരവാദിത്തമുണ്ട്. ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് ഇതിൽകൂടുതല് ഉത്തരവാദിത്തമുണ്ട്. നിയമം പാലിക്കുമെന്ന് ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് സഭയുടെ മാര്‍ത്തോമന്‍ പൈതൃക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ചര്‍ച്ച് ബില്ലിന് അംഗീകാരം നൽകരുതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ ഗവര്‍ണറോട് ആഭ്യർഥിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഭാരതീയ ദര്ശനമുള്ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സമൂഹമാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സംഘര്‍ഷമല്ല, സമന്വയമാണ് വേണ്ടതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.