വേതനം കൂട്ടി, അനാഥാലയ കൗൺസലർമാർ ഇനി എല്ലാ ക്ഷേമസ്ഥാപനങ്ങളിലും പ്രവർത്തിക്കണം
text_fieldsപ്രതീകാത്മക ചിത്രം
കൽപറ്റ: സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ കൗൺസലർമാരുടെ സേവനം ഇനി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേമസ്ഥാപനങ്ങളിലും. കൗൺസലർമാരുടെ വേതനം 14,000 രൂപയിൽ നിന്ന് 25,000 രൂപയാക്കി സർക്കാർ വർധിപ്പിക്കുകയും ചെയ്തു. അനാഥാലയങ്ങളിലെയും മറ്റും അന്തേവാസികൾക്ക് കൗൺസലിങ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളാണ് ഇവർ നൽകുന്നത്.
എം.എസ്.ഡബ്ല്യു യോഗ്യതയുള്ള കൗൺസലർമാരാണ് നിലവിൽ 14 ജില്ലകളിലായി താൽക്കാലിക ജീവനക്കാരായി ബോർഡിന്റെ വിവിധ സ്ഥാപനങ്ങളിലുള്ളത്. ഇവർക്ക് 10,000 രൂപ ഹോണറേറിയവും 2000 രൂപ യാത്രബത്തയുമടക്കം ആകെ 14,000 രൂപയായിരുന്നു മാസം നൽകിയിരുന്നത്. ഇതേ യോഗ്യതയുള്ള സാമൂഹികനീതി വകുപ്പിലെ പ്രബേഷൻ അസിസ്റ്റന്റ്, വയോജന ക്ഷേമത്തിനുള്ള ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവരുടെയും സ്കൂൾ കൗൺസലർമാരുടെയും വേതനം 29,535 രൂപയാണ്. ഇതോടെയാണ് ബോർഡിന്റെ സ്ഥാപനങ്ങളിലുള്ളവരുടെ വേതനം 31,020 രൂപയായി വർധിപ്പിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇത് പരിശോധിച്ചാണ് മാസവേതനം യാത്രബത്ത ഉൾപ്പെടെ 25,000 രൂപയാക്കി ഉയർത്തി പുതിയ ഉത്തരവിറക്കിയത്.
നിലവിൽ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിൽ മാത്രം ഇവർ ജോലി ചെയ്താൽ മതിയായിരുന്നു. വേതനം വർധിപ്പിച്ചതോടെ സാമൂഹ്യനീതി ജില്ല ഓഫിസുകൾ, വകുപ്പിന് കീഴിലുള്ള മറ്റ് ക്ഷേമസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഇവർ സേവനം ചെയ്യേണ്ടിവരും. ആശ്രയമില്ലാത്തവർക്കായുള്ള ആശാഭവനുകൾ, വികലാംഗസദനം, കെയർഹോം, വൃദ്ധസദനം, പരിശീലന കേന്ദ്രങ്ങൾ, മാനസികവൈകല്യമുള്ള കുട്ടികൾക്കുള്ള കേന്ദ്രം, ട്രാൻസിറ്റ് ഹോം തുടങ്ങിയ 34 ക്ഷേമസ്ഥാപനങ്ങളാണ് വകുപ്പിന് കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

