അനാഥനായി വന്ന്, സ്‌നേഹത്തണലിൽ മടക്കം: പൊക്കൻ അച്ഛന് കണ്ണീരോടെ വിട
text_fieldsപൊക്കൻ അച്ഛന്റെ മൃതദേഹത്തിൽ മകളുടെ സ്ഥാനത്തുനിന്ന് സുസ്മിത എം. ചാക്കോ അന്ത്യകർമം നിർവഹിക്കുന്നു
കാഞ്ഞങ്ങാട്: സ്വന്തമെന്ന് പറയാൻ മക്കളില്ല, അവസാന യാത്രയിൽ ഒപ്പം നിൽക്കാൻ ഉറ്റ ബന്ധുക്കളുമില്ല. ജീവിതത്തിന്റെ അവസാന നാളുകളിൽ തണലായ മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് തന്നെ അദ്ദേഹത്തിന്റെ കുടുംബമായി മാറി. ഒടുവിൽ മകളുടെ സ്ഥാനത്തുനിന്ന് അന്ത്യകർമങ്ങൾ നിർവഹിച്ച് സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റർ സുസ്മിത എം. ചാക്കോ പൊക്കൻ അച്ഛന് സ്നേഹത്തോടെ വിട നൽകി. പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസിയായിരുന്ന പൊക്കൻ അച്ഛൻ കഴിഞ്ഞദിവസമാണ് മരിച്ചത്.
നീലേശ്വരം മന്നംപുറത്ത് കാവ് പ്രദേശത്ത് തെരുവിൽ അലഞ്ഞുതിരിഞ്ഞ് കഴിഞ്ഞിരുന്ന അദ്ദേഹത്തെ പൊലീസ് ഇടപെട്ടാണ് സ്ഥാപനത്തിൽ എത്തിച്ചത്. ബന്ധുക്കളോ സംരക്ഷിക്കാൻ മറ്റാരും ഇല്ലാതിരുന്ന അദ്ദേഹത്തെ സ്ഥാപനം ഏറ്റെടുക്കുകയും ആവശ്യമായ പരിചരണവും ഭക്ഷണവും ചികിത്സയും സ്നേഹവും നൽകി സംരക്ഷിക്കുകയും ചെയ്തു.
എന്നാൽ മരണശേഷം മൃതദേഹം ഏറ്റുവാങ്ങാനും അന്ത്യകർമങ്ങൾ നടത്താനും ഉറ്റ ബന്ധുക്കൾ തയാറായില്ല. അപ്പോഴാണ് സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റർ സുസ്മിത എം. ചാക്കോ മകളുടെ സ്ഥാനത്തുനിന്ന് അന്ത്യകർമങ്ങൾ നിർവഹിക്കാൻ മുന്നോട്ട് വന്നത്. സഹവാസികളും ജീവനക്കാരും ചേർന്ന് അദ്ദേഹത്തിന് അർഹമായ ആദരവോടെ അവസാന യാത്ര ഒരുക്കി. ജീവിതത്തിന്റെ അവസാനകാലത്ത് സ്ഥാപനത്തിന്റെ സംരക്ഷണത്തിലും സ്നേഹത്തിലും കഴിഞ്ഞ പൊക്കൻ അച്ഛന് അവസാന യാത്രയിലും ഒറ്റപ്പെടേണ്ടി വന്നില്ല.
കഴിഞ്ഞ 20 വർഷമായി അനാഥരെയും ആരുമില്ലാത്തവരെയും സംരക്ഷിച്ചുവരുന്ന സ്ഥാപനമാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്. നിലവിൽ 120 ഓളം അന്തേവാസികൾ സ്ഥാപനത്തിൽ കഴിയുന്നുണ്ട്. പൊക്കൻ അച്ഛന്റെ ജീവിതത്തിന്റെ അവസാന അധ്യായത്തിലും അദ്ദേഹത്തിന് ഒരു കുടുംബമായി മാറാൻ സ്ഥാപനത്തിന് കഴിഞ്ഞു. ജന്മം നൽകിയ ബന്ധങ്ങളല്ല, ജീവിതത്തിന്റെ അവസാന നിമിഷം വരെ കൂടെ നിൽക്കുന്ന സ്നേഹവും കരുതലുമാണ് യഥാർഥ മനുഷ്യബന്ധമെന്ന സന്ദേശമാണ് ഇത് സമൂഹത്തിന് നൽകുന്നതെന്ന് നേതൃത്വം നൽകിയ പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

