അവയവക്കടത്ത്: ഒരാൾ കൂടി പിടിയിൽ
text_fieldsകരിമുകൾ (എറണാകുളം): അന്തർ സംസ്ഥാന അവയവക്കടത്ത് കേസിൽ ഒരാൾ കൂടി പിടിയിൽ. കോട്ടയം വാഴൂർ സ്വദേശിനി മായയെ (48) ആണ് അമ്പലമേട് പൊലീസ് പിടികൂടിയത്.
കൃത്രിമരേഖ ഉണ്ടാക്കുന്നതിന് സഹായം ചെയ്തതിനാണ് ഇവർ അറസ്റ്റിലായത്. ഇതിനകം അവയക്കടത്ത് കേസിൽ മുഖ്യപ്രതി നജീബും ഭാര്യ റഷീദയും അടക്കം 11 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കൂട്ടുപ്രതികളെ അമ്പലമേട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന. വെള്ളിയാഴ്ച അറസ്റ്റിലായ മായ കൃത്രിമരേഖ ഉണ്ടാക്കുന്നതിന് റേഷൻ കാർഡ് നജീബിന് നൽകുകയായിരുന്നു. ഇത് ഉപയോഗിച്ച് നജീബ് കൃത്രിമരേഖ ഉണ്ടാക്കി. അതിന് ഭാര്യ റഷീദയുടെ സഹായം ലഭിച്ചിട്ടുണ്ട്. പലതവണയായി നജീബ് മായക്ക് 25,000 രൂപ കൈമാറി. ഇത്തരത്തിൽ പാവപ്പെട്ട നിരവധി പേർ നജീബിന്റെ വലയിൽ കുടുങ്ങുകയായിരുന്നു.
അതേസമയം, മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നജീബിനെ പിടികൂടിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും നജീബ് രേഖകൾ ഉണ്ടാക്കി നൽകിയതിന് പിന്നിലെ ഉന്നതർ ആരെല്ലാമെന്ന ചോദ്യം അവശേഷിക്കുകയാണ്. പ്രധാന ആശുപത്രികളുടെ പേരുകൾ ഉയർന്ന് കേട്ടിരുന്നെങ്കിലും പിന്നീട് അന്വേഷണം ഉണ്ടായില്ല. നജീബിന്റെ വീട്ടിൽനിന്ന് ലഭിച്ച ഡയറിയിലെ വിവരങ്ങളും അന്വേഷണ പരിധിയിൽ വന്നിട്ടില്ല. ചെറിയ കണ്ണികൾ മാത്രമാണ് പിടിയിലാകുന്നത്. ഇതിൽ അധിക പേരും നജീബിന്റെ സംസാരത്തിൽ വീണവരും സാധാരണക്കാരുമാണ്. 40ലധികം അവയവക്കടത്ത് നടത്തിയതായി നജീബ് പൊലീസിനോട് സമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

