അവയവ കച്ചവടം: നജീബ് ‘ഏജന്റ്’ മാത്രം, അന്വേഷണം ഉന്നതരിലേക്കും
text_fieldsകിഴക്കമ്പലം: സംസ്ഥാനത്തെ നടുക്കിയ അവയവ കച്ചവടക്കേസിൽ അറസ്റ്റിലായ നജീബ്, വ്യാജരേഖകൾ ചമക്കുന്ന ശൃംഖലയിലെ കണ്ണി മാത്രമാണെന്ന് പൊലീസ്. ഇയാൾക്ക് പിന്നിൽ വൻ സ്രാവുകൾ പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, റൂറൽ പൊലീസും സിറ്റി പൊലീസും ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും. അമ്പലമേട് പൊലീസ് പ്രതിയുടെ പക്കൽനിന്ന് കണ്ടെടുത്ത ഡയറിയിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് സൂചന. ഡയറിയിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളെക്കുറിച്ചും അവർക്ക് ഈ മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചും വരുംദിവസങ്ങളിൽ അന്വേഷണം നടക്കും.
പ്രതിയുടെ പെരിങ്ങാലയിലുള്ള വസതിയിൽനിന്ന് ജില്ലയിലെ പ്രമുഖ ആശുപത്രികളിലെ രോഗികളുടെ രേഖകൾ കണ്ടെടുത്തത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായിട്ടുണ്ട്. ആശുപത്രി അധികൃതർക്കോ ജീവനക്കാർക്കോ ഇടപാടിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. അവയവം വാങ്ങിയവരെയും നൽകിയവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി പൂർണമായും പുറത്ത് കൊണ്ടുവരാൻ സാധിക്കൂ.
വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ മുഖ്യപ്രതിയാണ് പൊലീസ് പിടിയിലായ കുന്നത്തുനാട് പെരിങ്ങാലയിൽ കാസർകോട് കളനാട് അൽ നിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബ് (53). എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശ് ഖാസിയാബാദിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കി കടന്നുകളയുകയായിരുന്നു. വിമാനമാർഗം ഡൽഹിയിലെത്തി. പ്രതിയെ പിന്തുടർന്ന് പൊലീസും എത്തി. തുടർന്ന് രാത്രി ഖാസിയാബാദിലേക്ക് കടന്ന നജീബിനെ ഞായറാഴ്ച പുലർച്ചെയാണ് അന്വേഷണസംഘം പിടികൂടിയത്. ഇയാളുടെ ഭാര്യ കുന്നത്തുനാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ റഷീദയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ്, ശ്രീജ, സുധീർ, വിനോദ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, കുന്നത്തുനാട് ഇൻസ്പെക്ടർ എസ്. ശിവലാൽ, സബ് ഇൻസ്പെക്ടർ എം. അഭിജിത്ത്, എ.എസ്.ഐ യു. മുരളീധരൻ, സി.പി.ഒ എസ്. ബിൻരാജ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

