അവയവ കടത്ത്; കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഉൾപ്പെടെയുള്ള അഞ്ച് ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
text_fieldsകൊച്ചി: അവയവ കച്ചവടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഉൾപ്പെടെയുള്ള അഞ്ച് ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. സംസ്ഥാന വ്യപകമായി കേരള പൊലീസ് പരിശോധന നടത്തിയും പ്രതികളെ പിടികൂടിയതിനും ശേഷമാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കോടികളുടെ ഇടപാടാണ് അവയവ കച്ചവടവുമായി എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് കണ്ടെത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അവയവ കടത്ത് കേസിൽ നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിൽ വിൽപ്പന നടത്തുന്നതിന് പുറമെ, അന്തർ സംസ്ഥാനങ്ങളിലും സജീവമായാണ് അവയവ കടത്ത് സംഘം പ്രവർത്തിക്കുന്നത്.
ഇ.ഡിയുടെ കൊച്ചി സോണൽ ഓഫിസിലുള്ള ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നത്. കൃത്യമായ രേഖ ഉണ്ടാക്കികൊണ്ട് അവയവ ദാനത്തിന്റെ പേരിൽ കച്ചവടം നടത്തുന്നതായി എറണാകുളം റൂറലിലും സിറ്റിയിലുമായി രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നന്നത്. നിലവിൽ, എറണാകുളം ജില്ല കൂടാതെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ഇ.ഡി റെയ്ഡ് നടത്തുന്നുണ്ട്.
അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് സ്വദേശിയായ ഇയാളെ ഡൽഹിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നജീബിന്റെ ഭാര്യ റഷീദയെ കരിമുകൾ പോത്തനാംപറമ്പിലെ ഫ്ലാറ്റിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
മൂന്നുവർഷത്തോളമായി നജീബും സംഘവും പള്ളിക്കര കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. സംഘത്തിന്റെ അക്കൗണ്ടിലേക്ക് ആശുപത്രികളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും കോടികണക്കിന് രൂപ കമീഷനായി ലഭിച്ചു എന്നും ഇ.ഡി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൊല്ലത്ത് അവയവ കടത്ത് സംഘത്തിലെ ഇടനിലക്കാരി ശ്രീജയുടെ ബന്ധപ്പെട്ട് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം പുളിയത്തുമുക്കുള്ള ശ്രീജയുടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തുന്നുണ്ട്. നേരത്തെ കൊല്ലം കിളികൊല്ലൂർ പൊലീസ് അവയവ കച്ചവടവുമായി ബന്ധപ്പെട്ട് പട്ടത്താനം സ്വദേശി സുധീറിനെയും ശ്രീജയെയും അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

