വ്യാജരേഖ ചമച്ച് അവയവക്കച്ചവടം; മുഖ്യപ്രതി നജീബ് അറസ്റ്റിൽ
text_fieldsഅവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതി നജീബ് അറസ്റ്റിൽ. കാസർകോട് സ്വദേശിയായ ഇയാളെ ഡൽഹിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നജീബിന്റെ ഭാര്യ റഷീദയെ വെള്ളിയാഴ്ച രാത്രി കരിമുകൾ പോത്തനാംപറമ്പിലെ ഫ്ലാറ്റിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
മൂന്നുവർഷത്തോളമായി നജീബും സംഘവും പള്ളിക്കര കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നാണ് മനസ്സിലാകുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള കല്ലട്ര മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ രജിസ്ട്രേഡ് ഓഫിസ് വിലാസം കാണിച്ചത് ആലുവ എടത്തലയിലാണെങ്കിലും അതൊരു ചെറിയ മുറി മാത്രമാണ്. മാത്രമല്ല, കഴിഞ്ഞ ഫെബ്രുവരി മുതൽ ഇത് തുറന്നിട്ടുമില്ല. അവയവദാനമടക്കം ആശുപത്രികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന ഇടനിലക്കാരുടെ റോളാണ് തങ്ങൾക്കെന്ന് ഇവരുടെ വെബ്സൈറ്റിലുണ്ട്.
എം.പിമാരുടെയും എം.എൽ.എമാരുടെയും ജഡ്ജിമാരുടെയും ഉൾപ്പെടെ ഉന്നതരുടെ കൃത്രിമ രേഖകൾ നജീബും സംഘവും ചമച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുന്നത്തുനാട്ടിലെയും പള്ളിക്കരയിലെയും കംപ്യൂട്ടർ സെന്ററുകൾ വഴിയാണ് ഈ സംഘം തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനായി ‘മെഡിക്കൽ ടൂറിസം’ എന്ന മറവിലാണ് ഇയാൾ കമ്പനി രൂപവത്കരിച്ചത്. സ്വന്തം കുടുംബപ്പേര് തന്നെയാണ് കമ്പനിക്കും നൽകിയത്. ഡോക്ടർമാരുടെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
നിലവിൽ വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നതെന്നും ഈ രേഖകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി എത്രത്തോളം അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നെന്ന് കണ്ടെത്താൻ മെഡിക്കൽ തലത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

