അവയവക്കച്ചവടം: ഒരാൾ കൂടി പിടിയിൽ; മുഖ്യപങ്കാളിയെന്ന് സംശയിക്കുന്ന മധു ഇറാനിൽ
text_fieldsനെടുമ്പാശ്ശേരി: അവയവദാനത്തിനായി മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇടപ്പള്ളി സ്വദേശി സജിത് ശ്യാമാണ് പിടിയിലായത്. പ്രധാന പ്രതി സാബിത് നാസറുമായി ഇയാൾ ഒട്ടേറെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. സജിത്തിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സാബിത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാനിലുള്ള ഒരു ഡോക്ടറെ ഓൺലൈനിലൂടെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഡോക്ടറുടെ ബന്ധുക്കൾ വഴിയാണ് ശ്രമം. അതേസമയം സാബിത് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോഴും നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ ഉപയോഗിച്ചതായി സംശയിക്കുന്ന വ്യാജപാസ്പോർട്ടുകൾ കണ്ടെടുക്കാനും ശ്രമം നടത്തുന്നുണ്ട്. അവയവ റാക്കറ്റിന്‍റെ കണ്ണികളായി പ്രവർത്തിച്ച എട്ടോളം മലയാളികൾ നിരീക്ഷണത്തിലാണ്. സാബിത്തുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരാണിവർ. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ഇവർ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.
സാബിത്തിനെ നിരന്തരം ഫോണിൽ വിളിച്ചിരുന്ന അഞ്ചുപേരുടെ ഫോൺ ഓഫാക്കിയ നിലയിലാണ്. കേസിൽ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി മധു ഇറാനിലാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു. സാബിത്ത് ഇടനിലക്കാരനല്ലെന്നും മുഖ്യ സൂത്രധാരന്മാരിലൊരാളാണെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളുമായി ബന്ധമുള്ള സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

