സ്വകാര്യ ആശുപത്രിയിലെ അവയവക്കച്ചവടം: തമിഴ്നാട് അന്വേഷണസംഘം മൊഴിയെടുത്തു
text_fieldsചിറ്റൂർ: സേലത്തെ സ്വകാര്യ ആശുപത്രിയിലെ അവയക്കച്ചവടം സംബന്ധിച്ച് തമിഴ്നാട്ടിൽ നിന്നുള്ള അന്വേഷണ സംഘം അപകടത്തിൽ മരിച്ച മണികണ്ഠെൻറ വീട്ടിലെത്തി മൊഴിയെടുത്തു. പരിക്കേറ്റ് ചികിത്സയിലിരിക്കെ നെല്ലിമേട് സ്വദേശി മണികണ്ഠന് മസ്തിഷ്കമരണം സംഭവിക്കുകയും ചികിത്സച്ചെലവ് പെരുപ്പിച്ച് കാട്ടി അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽനിന്നുള്ള അന്വേഷണസംഘം മീനാക്ഷിപുരം നെല്ലിമേട്ടിലെ മണികണ്ഠെൻറ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തത്. അച്ഛൻ പേച്ചി മുത്തു, സഹോദരങ്ങളായ മഹേഷ്, മനോജ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ ജോയൻറ് ഡയറക്ടർ മലർമിഴി, കോയമ്പത്തൂർ മെഡിക്കൽ കോളജ് ചീഫ് വെങ്കിടേശ്, വിജിലൻസ് ഡിവൈ.എസ്.പി തോംസൺ പ്രകാശ്, പൊലീസ് സൂപ്രണ്ട് കമലക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണത്തിനെത്തിയത്. വാഹനത്തിൽ ഒപ്പം സഞ്ചരിച്ചിരുന്നവരുടെ മൊഴിയെടുക്കാൻ അടുത്തദിവസം വീണ്ടുമെത്തുമെന്ന് സംഘം അറിയിച്ചു.
കഴിഞ്ഞ 16ന് ചെന്നൈ മേൽ മറവത്തൂരിൽ ശിങ്കാരിമേളം അവതരിപ്പിച്ച് 18ന് മടങ്ങുന്ന വഴി സേലത്തിന് സമീപം കള്ളകുറിശ്ശിയിലാണ് അപകടം ഉണ്ടായത്. മണികണ്ഠൻ ഉൾപ്പെടെ പരിക്കേറ്റ ഏഴുപേരെ സമീപത്തെ ഗവ. ആശുപത്രിയിൽ ചികിത്സക്ക് ശേഷം 120 കിലോമീറ്റർ അകലെ വിനായക മിഷൻ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ചികിത്സ ചെലവിന് പണം അടക്കാനില്ലാത്തതിനാൽ അവയവദാനം നടത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. മൂന്ന് ലക്ഷത്തോളം രൂപയുടെ ബില്ലടക്കുകയോ അവയവങ്ങൾ നൽകുകയോ ചെയ്യാതെ മൃതദേഹം വിട്ടുനൽകില്ലെന്ന ആശുപത്രി അധികൃതരുടെ നിബന്ധനയെത്തുടർന്ന് ബന്ധുക്കൾ അവയവദാന സമ്മതപത്രം ഒപ്പിട്ട് നൽകാൻ നിർബന്ധിതരാവുകയായിരുന്നു.
മുഖ്യമന്ത്രിയും മനുഷ്യാവകാശ കമീഷനും വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ല കലക്ടർക്ക് നിർദേശം നൽകിയിരുന്നു. കലക്ടറുടെ നിർദേശപ്രകാരം ചിറ്റൂർ തഹസിൽദാർ വി.കെ. രമ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. ഏഴ് അവയവങ്ങൾ മണികണ്ഠെൻറ മൃതദേഹത്തിൽനിന്ന് നീക്കം ചെയ്തതായി തഹസിൽദാർ റിപ്പോർട്ട് നൽകി. സർക്കാർ നിർദേശത്തെത്തുടർന്ന് വെള്ളിയാഴ്ച ഇതേ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന എ. മണികണ്ഠനെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കെ. കൃഷ്ണൻകുട്ടി എം.എൽ.എ മന്ത്രി എ.കെ. ബാലനും സേലം ജില്ല കലക്ടർക്കും പരാതി നൽകിയിരുന്നു. തമിഴ്നാട് സർക്കാറിെൻറ പരിധിയിലുള്ള വിഷയമായതിനാൽ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
