തീരത്ത് പിടിമുറുക്കി അവയവ മാഫിയ; ആറ് സ്ത്രീകൾ വൃക്ക വിറ്റു
text_fieldsവിഴിഞ്ഞം: തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നതായി സൂചന. ഇതുവരെ കോട്ടപ്പുറം മേഖലയിലെ ആറ് സ്ത്രീകൾ വൃക്ക വിറ്റതായാണ് അറിയുന്നത്. രണ്ടുപേർ വൃക്ക ദാനംചെയ്യാൻ ഒരുങ്ങി നിൽക്കുന്നതായാണ് വിവരം. എറണാകുളം കേന്ദ്രീകരിച്ച മാഫിയ ആണ് ഇതിനുപിന്നിലെന്നാണ് സൂചന.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയകൾ നടക്കുന്നത്. ഇനിയും നിരവധിപേർ വൃക്ക ദാനംചെയ്യാൻ തയാറായി നിൽക്കുന്നുണ്ടത്രെ. അടിക്കടിയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളും മത്സ്യബന്ധന നിരോധനവും കോവിഡിനെ തുടർന്ന് മത്സ്യ വിപണനം കുറഞ്ഞതുമൊക്കെ വറുതിയിലാക്കിയ കുടുംബങ്ങളിലെ കടബാധ്യതകളും മറ്റും തീർക്കാനാണ് പലരും വൃക്ക വിറ്റ് പണം കണ്ടെത്തുന്നത്.
വിഴിഞ്ഞം സ്വദേശിയായ യുവതിയാണ് തീരത്തുനിന്ന് വീട്ടമ്മമാരെ എറണാകുളത്തെ ഏജൻറുമാരുമായി ബന്ധപ്പെടുത്തുന്നത്. എട്ടുലക്ഷം രൂപ വരെയാണ് വൃക്ക വിൽക്കുന്നവർക്ക് ലഭിക്കുന്നത്. ഇതു സംബന്ധിച്ച് വീട്ടമ്മയുടെ സന്ദേശം പുറത്തുവന്നതോടെയാണ് വിവരം പുറത്തറിയുന്നത്.