അവയവദാനം; സമിതി നിഷേധിക്കുന്ന കേസുകളിൽ കോടതിക്ക് വ്യത്യസ്ത നിലപാട്
text_fieldsകൊച്ചി: ജില്ലതല ഓതറൈസേഷൻ സമിതികൾ അനുമതി നിഷേധിച്ച അവയവദാന അപേക്ഷകളിൽ ഹൈകോടതി ഇടപെടൽ മൂലം അനുകൂലമായ കേസുകൾ ഒട്ടേറെ. ഇത്തരം കേസുകൾ പരിഗണിക്കുമ്പോഴൊക്കെയും ഒരു ജീവന്റെ വില ബോധ്യപ്പെടുത്തുന്ന പരാമർശങ്ങളോടെയാണ് ഹൈകോടതിയുടെ അനുകൂല ഉത്തരവുകളുണ്ടായത്. എന്നാൽ, കോടതിനിരീക്ഷണങ്ങൾക്കോ വിധികൾക്കോ ഒരു പ്രാധാന്യവും കൽപ്പിക്കാത്തതാണ് ഓതറൈസേഷൻ സമിതികളുടെ തീരുമാനങ്ങൾ.
അവയവ ദാനത്തിന്റെ മറവിൽ സാമ്പത്തിക ഇടപാടുകളുണ്ടോയെന്ന് പരിശോധിച്ച് തീരുമാനമെടുക്കുകയാണ് സമിതിയുടെ ദൗത്യമെങ്കിലും പലപ്പോഴും രക്തബന്ധുക്കളല്ലാത്ത കേസുകൾ വരുമ്പോൾ അപേക്ഷ നിരസിച്ച് തലയൂരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പൊലീസ് അന്വേഷണ റിപ്പോർട്ട് അനുകൂലമായാൽ പോലും അപേക്ഷ തിരസ്കരിക്കുന്നു.
സ്നേഹബന്ധത്തിന്റെ അടിസ്ഥാനത്തിലോ പരോപകാരം എന്ന നിലയിലോ ആണ് അവയവം ദാനം ചെയ്യുന്നതെന്ന് ദാതാവ് ഉറപ്പിച്ച് പറയുമ്പോൾ വ്യക്തമായ കാരണങ്ങളില്ലാതെ അപേക്ഷകൾ നിഷേധിക്കരുതെന്ന് മലപ്പുറം സ്വദേശിക്ക് വൃക്കദാനം ചെയ്യാൻ അനുമതി നൽകി കഴിഞ്ഞ ജനുവരിയിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജില്ല പൊലീസ് മേധാവിയുടെ സർട്ടിഫിക്കറ്റില്ലെന്നതായിരുന്നു അനുമതി നിഷേധിക്കാൻ കാരണം. സർട്ടിഫിക്കറ്റില്ലാതെതന്നെ അപേക്ഷ പരിഗണിക്കാനാണ് കോടതി നിർദേശിച്ചത്.
സ്നേഹബന്ധത്തിന് തെളിവ് ഹാജരാക്കുക അസാധ്യമാണെന്ന് വിയിരുത്തി എറണാകുളം ഗോതുരുത്ത് സ്വദേശിക്ക് ഓതറൈസേഷൻ നിഷേധിച്ച അനുമതി ഹൈകോടതി അനുവദിച്ചത് 2024 ഒക്ടോബറിലെ ഉത്തരവിലാണ്. വൃക്കദാതാവിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന കാരണത്താൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നിഷേധിച്ച ഓതറൈസേഷൻ സമിതി തീരുമാനം തള്ളി കൊണ്ടോട്ടി സ്വദേശിയായ യുവാവിന് ഹൈകോടതി അനുമതി നൽകിയത് 2023ലാണ്.
വില്ലേജ് ഓഫിസർ ഒപ്പിട്ട സർട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു സമിതിയുടെ ‘കണ്ടെത്തൽ’. ഇതെങ്ങനെയാണ് സമിതിക്ക് പറയാൻ കഴിയുകയെന്നായിരുന്നു കോടതിയുടെ ചോദ്യം. വൃക്കദാതാവ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന കാരണത്താൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അനുമതി നിഷേധിച്ച നടപടി കൊല്ലം സ്വദേശിയുടെ ഹരജിയിൽ കോടതി റദ്ദാക്കിയിരുന്നു.
അവയവ മാറ്റത്തിന് അപേക്ഷ നൽകുന്നവർ ഉറ്റ ബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ എല്ലാ സാഹചര്യത്തിലും നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് കോടതി വിലയിരുത്തി. നിരവധി പേര്‍ക്ക് അവയവങ്ങള്‍ വേണമെങ്കിലും നിര്‍ഭാഗ്യവശാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ബന്ധുക്കളില്‍നിന്ന് ദാതാക്കളെ ലഭിക്കുന്നതെന്ന് മറ്റൊരു ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. രണ്ടു വ്യക്തികൾ തമ്മിലെ ‘അടുപ്പം’ എന്നത് ഒരു മാനസിക വിഷയമാണെന്ന് 2017ലെ മറ്റൊരു ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

