രാത്രി കലക്ടറെ മാറ്റി ഉത്തരവ്; നേരം വെളുത്തപ്പോൾ പുതിയ കലക്ടർ
text_fieldsജില്ല കലക്ടറായി അലക്സ് വർഗീസ് ചുമതലയേൽക്കുന്നു
ആലപ്പുഴ: ആലപ്പുഴ ജില്ല കലക്ടർ ജോൺ വി. സാമുവലിന് അപ്രതീക്ഷിത മാറ്റം. അലക്സ് വർഗീസ് പുതിയ കലക്ടറായി ചുമതലയേറ്റു. അടിയന്തരമായി കലക്ടറെ മാറ്റിയത് ആരും അറിഞ്ഞില്ല. വ്യാഴാഴ്ച അർധരാത്രിയാണ് ഉത്തരവിറങ്ങിയത്. സി.പി.ഐ അനുകൂല സംഘടനയായ ജോയന്റ് കൗണ്‍സിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്നാണ് സൂചന. പുതിയ കലക്ടർ അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിര്‍ദേശമുണ്ടായിരുന്നു. ജോണ്‍ വി. സാമുവലിന് നഗരകാര്യ വകുപ്പില്‍ ചുമതല നല്‍കുമെന്ന് പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് ജില്ല കലക്ടറെ മാറ്റിയത്.
2023 ഒക്ടോബർ 19നാണ് ജോൺ വി. സാമുവൻ കലക്ടറായി ചുമതലയേറ്റത്. രണ്ടു വര്‍ഷത്തിനിടെ ഏഴാമത്തെ കളക്ടറാണ് ആലപ്പുഴയില്‍ ചുമതലയേല്‍ക്കുന്നത്. 2024 മാർച്ച് 23ന് കലക്ടർ പദവിയിലെത്തിയ ഹരിത വി. കുമാറിനും അധികനാൾ ചുമതലയിൽ തുടരാനായില്ല. ആലപ്പുഴയിലെ ജനകീയ കലക്ടർ വിശേഷണവുമായി തിളങ്ങിയ വി.ആർ. കൃഷ്ണതേജക്കും അധികനാൾ തിളങ്ങാനായില്ല. കുട്ടികളെ അഭിസംബോധന ചെയ്യുന്ന കൃഷ്ണതേജയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ ചർച്ചയായിരുന്നു.
മുൻകലക്ടർ എ. അലക്സാണ്ടർ വിരമിച്ച ഒഴിവിലേക്ക് ആദ്യനിയമനമായി എത്തിയ ഡോ. രേണുരാജിനും അധികനാൾ കസേരയിൽ ഇരുന്നില്ല. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഏതാനും ദിവസംമാത്രമാണ് കലക്ടറായത്. അന്ന് ശക്തമായ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

