വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷൻ നൽകാൻ ഉത്തരവ്
text_fieldsകൊച്ചി: സൈനിക സേവനത്തിനിടെ മരിച്ച വ്യക്തിയുടെ വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണൽ ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് എസ്. മനു, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്. മാതാപിതാക്കളുടെ ജീവിതകാലത്ത് കോടതി മുഖേനയുള്ള വിവാഹ മോചന നടപടികൾ ആരംഭിച്ചവർക്ക് മാത്രമേ പെൻഷന് അർഹതയുള്ളൂവെന്ന കേന്ദ്ര സർക്കാർ വാദം തള്ളിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സൈന്യത്തിൽ ഹവിൽദാറായിരുന്ന കണ്ണൂർ സ്വദേശിയായ ഹരജിക്കാരിയുടെ പിതാവ് 1989ൽ മരണപ്പെട്ടതിനെ തുടർന്ന് അമ്മക്ക് പെൻഷൻ ലഭിച്ചിരുന്നു. 2015ൽ അമ്മയും മരിച്ചതോടെയാണ് മകൾ പെൻഷന് അപേക്ഷിച്ചത്. എന്നാൽ, മാതാപിതാക്കളുടെ മരണശേഷം 2018ലാണ് അപേക്ഷക കോടതിയിൽ നിന്ന് വിവാഹമോചന ഉത്തരവ് നേടിയതെന്ന് ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ നിരസിച്ചു. ഇതിനെതിരെയാണ് ഹരജിക്കാരി ട്രൈബ്യൂണലിനെ സമീപിച്ചത്.
1973ൽ 16ാം വയസ്സിലായിരുന്നു ഹരജിക്കാരിയുടെ വിവാഹം. മൂന്ന് ദിവസത്തിന്‌ശേഷം മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ ഇവർ 1974ൽ വിവാഹമോചിതയായി. മലബാറിലെ തിയ്യ സമുദായത്തിലെ ആചാര പ്രകാരമുള്ള ഈ വിവാഹമോചനത്തിന് 1932ലെ മദ്രാസ് മരുമക്കത്തായ നിയമപ്രകാരം നിയമസാധുതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 1974ൽ സമുദായ ആചാര പ്രകാരം രജിസ്റ്റർ ചെയ്ത വിവാഹമോചന രേഖ നിലവിലുള്ളതിനാൽ, പെൻഷൻ അനുവദിക്കണമെന്ന ട്രൈബ്യൂണൽ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി അനുവദിക്കുകയായിരുന്നു. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. ജി. കൃഷ്ണകുമാർ ഹജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

