കോവിഡ് ബാധിച്ച് മരിച്ച എല്ലാ ഡോക്ടർമാരുടെയും ബന്ധുക്കൾക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്
text_fieldsപാലക്കാട്: കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്ന്, കോവിഡ് വന്ന് മരിച്ച എല്ലാ ഡോക്ടർമാരുടെ കുടുംബത്തിനും കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി പാക്കേജ് പ്രകാരം നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധി. നിലവിൽ കോവിഡ് വന്ന് മരിച്ച സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെ ഉള്ളവരുടെ ബന്ധുക്കൾക്ക് 50 ലക്ഷം നഷ്ടപരിഹാരം ലഭിക്കുമായിരുന്ന "പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ്’ ലഭ്യമായിരുന്നില്ല.
മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരായി പ്രദീപ് അറോറ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹരജിയെത്തുടർന്ന് ഇക്കഴിഞ്ഞ 11ലെ വിധിന്യായത്തിലാണ് കോവിഡ് സമയത്ത് മഹാമാരിക്കെതിരായ പ്രവർത്തനത്തിൽ അണിചേർന്നതിനെത്തുടർന്ന് കോവിഡ് 19 ബാധിച്ച് മരിച്ച എല്ലാവരുടെ കുടുംബാംഗങ്ങളെയും ഇൻഷുറൻസ് പരിരക്ഷയിൽപ്പെടുത്തണമെന്ന് സുപ്രീംകോടതി ജസ്റ്റിസുമാരായ പി.എസ് നരസിംഹ,ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെറ കണക്ക് പ്രകാരം കോവിഡിൽ 1600 ഡോക്ടർമാർ മരിച്ചുവെങ്കിലും കേന്ദ്രസർക്കാരിന്റെ കൈയിൽ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കില്ലെന്ന് ഡോ. കെ .വി.ബാബു നൽകിയ വിവരാവകാശ അപേക്ഷക്ക് നൽകിയ മറുപടിയിൽ വ്യക്തമായിരുന്നു. 500 ഡോക്ടർമാർക്ക് മാത്രമേ നഷ്ടപരിഹാരം ലഭ്യമായിട്ടുള്ളൂവെന്ന് വിവരാവകാശ മറുപടിയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരനായ പ്രദീപ് അറോറ സുപ്രീംകോടതിയെ സമീപിച്ചത്*.സുപ്രീംകോടതി വിധിയോടെ ബാക്കി 1100 ഡോക്ടർമാരുടെ കുടുംബത്തിന് കൂടി നഷ്ടപരിഹാരം ലഭ്യമാക്കാൻ വഴിതുറക്കുകയാണ്.
2020 മാർച്ചിലാണ് കോവിഡ് 19 സാഹചര്യത്തിൽ എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിർബന്ധമായും തുറന്നുപ്രവർത്തിക്കണമെന്ന നിർദേശം വന്നത്. ഔദ്യോഗിക കോവിഡ് 19 ആശുപത്രികൾക്ക് പുറമെ ചെറിയ ആതുരാലയങ്ങളും ക്ലിനിക്കുകളും പ്രവർത്തിക്കേണ്ടിവന്നു. ഇത്തരം സ്ഥാപനങ്ങളിൽ പലരും കോവിഡ് വന്ന് മരണപ്പെട്ടുവെങ്കിലും അവരുടെ കുടുംബങ്ങൾക്ക് കോവിഡ് 19 പരിരക്ഷ പാക്കേജിൽ നഷ്ടപരിഹാരം ലഭിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പലരും നിയമനടപടിക്ക് മുതിർന്നെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.
ഇന്ത്യൻ ഡോക്ടർമാരുടെ രക്തസാക്ഷിത്വത്തെ ബഹുമാനിക്കുന്ന ഒരു സുപ്രധാന വിധിയാണിതെന്ന് ഡോ. കെ.വി. ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.നഷ്ടപരിഹാരത്തേക്കാൾ, രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സഹപ്രവർത്തകരുടെ രക്തസാക്ഷിത്വത്തോടുള്ള ബഹുമാനം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

