പ്രതിമാസം 8,000 രൂപക്ക് 86 ഗ്രാമപഞ്ചായത്തുകളിൽ എസ്.സി വോളന്റിയർമാരെ നിയമിക്കാൻ ഉത്തരവ്.
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 86 ഗ്രാമപഞ്ചായത്തുകളിൽ പ്രതിമാസം 8,000 രൂപക്ക് എസ്.സി വോളന്റിയർമാരെ നിയമിക്കാൻ ഉത്തരവ്. കേരള നോളജ് ഇക്കോണമി മിഷന്റെ ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാർക്കായി പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിനാണ് വോളന്റിയർമാരെ നിയമിക്കുന്നത്.
പട്ടികജാതി വിഭാഗക്കാരുടെ എണ്ണം 5,000 ന് മുകളിലുള്ള 86 ഗ്രാമപഞ്ചായത്തുകളിൽ നിലവിലുള്ള പ്രൊമോട്ടർമാർക്കു പുറമെ 18നും 30നും മധ്യേ പ്രായമുള്ള അടിസ്ഥാന സാങ്കേതിക പരിജ്ഞാനമുള്ള ഒരാളെ വീതം നിയമിക്കാനാണ് ഉത്തരവ്. പട്ടികവിഭാഗക്കാരിൽ നിന്ന് ആകെ 86 പേരെ ആറ് മാസ കാലയളവിലേക്ക് ഇന്റേണുകളായി നിയമിക്കും. ഈ ആളുകൾക്ക് വിജ്ഞാനവാടി കോർഡിനേറ്റർമാരുടെ ഹോണറിയമായ 8,000 രൂപ പ്രതിമാസം നൽകാൻ ആകെ 41,28,000 അനുവദിക്കാൻ ഭരണാനുമതി നൽകി.
സംസ്ഥാനത്തെ പട്ടികജാതി-വർഗ ജനതയുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ആരോഗ്യപരവും, സാമ്പത്തികപരവുമായ ഉന്നമനത്തിനും സാമൂഹ്യസുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനും വിവിധ സർക്കാർ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും പട്ടികജാതി-വർഗ സംരംഭകരുടെ സ്വാശ്രയ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മറ്റുമായി ഉന്നതി (കേരളാ എംപവർമെന്റ് സൊസൈറ്റി) എന്ന സംഘടന രൂപീകരിച്ചിരുന്നു.
പട്ടികജാതി വിഭാഗക്കാരുടെ എണ്ണം 5,000 ൽ താഴെയുള്ള ഗ്രാമപഞ്ചായത്തുകളിൽ നിലവിലെ പ്രൊമോട്ടർമാരെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മന്റെ് സിസ്റ്റം പ്ലാറ്റ്ഫോം വോളന്റിയർമാരായി നിയമിക്കാമെന്ന് എസ്.സി ഡയറക്ടർ അറിയിച്ചു. അതേ സമയം പട്ടികജാതി വിഭാഗക്കാരുടെ എണ്ണം 5,000 ന് മുകളിലുള്ള 86 ഗ്രാമപഞ്ചായത്തുകളിൽ നിലവിലുള്ള പ്രൊമോട്ടർമാർക്കു പുറമെ 18നും 30നും പ്രായമുള്ള അടിസ്ഥാന സാങ്കേതിക പരിജ്ഞാനമുള്ളവരെ ആറ് മാസത്തേക്ക് നിയമിക്കണമെന്ന് ഡയറക്ടർ കത്തിൽ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനത്തിന് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

