സഹകരണ സ്ഥാപനത്തിലെ വസ്തു കൈമാറ്റങ്ങളിൽ നിബന്ധന കർശനമാക്കി ഉത്തരവ്
text_fieldsതിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങൾ സ്ഥലം, കെട്ടിടങ്ങൾ എന്നിവ വാങ്ങലും വിൽക്കലും സംബന്ധിച്ച് നിലവിലുണ്ടായിരുന്ന വ്യവസ്ഥകൾ കർശനമാക്കി സഹകരണ വകുപ്പ്. ഇതുസംബന്ധിച്ച മുൻകാല സർക്കുലറുകൾ പിൻവലിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം സഹകരണ സംഘം സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിനും വിൽപന നടത്തുന്നതിനും രജിസ്ട്രാറുടെ മുൻകൂർ അനുമതി നിർബന്ധമായും വാങ്ങണം.
സംഘത്തിന്‍റ പ്രവർത്തന മേഖലകളിൽ പ്രചാരമുള്ള രണ്ട് ദിനപത്രങ്ങളിൽ പരസ്യം നൽകിവേണം വാങ്ങൽ, വിൽക്കൽ നടപടികൾ സ്വീകരിക്കേണ്ടത്. സ്ഥാപനത്തിന്‍റെ ദൈനംദിന വ്യാപാരത്തെ ഒരുതരത്തിലും ബാധിക്കാത്ത വിധമാകണം സ്ഥാവര വസ്തുക്കൾ വാങ്ങേണ്ടത്. ഇപ്രകാരം സ്ഥാവര വസ്തുകൾ വാങ്ങുന്നതിന് ചെലവഴിക്കുന്ന തുക പ്രവർത്തന മൂലധനത്തിൽ നിന്നാണെങ്കിൽ അത് അഞ്ച് ശതമാനത്തിൽ അധികരിക്കാൻ പാടില്ല.
ഈ തുക പത്ത് വർഷ കാലയളവിനുള്ളിൽ തുല്യവാർഷിക ഗഡുക്കളായി തിരികെ സ്വരൂപിക്കുകയും വേണം. സ്ഥലത്തിലെ മൂല്യനിർണയത്തിന് നിയോഗിക്കേണ്ടവർ ആരെല്ലാം, അവർ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ തുടങ്ങിയവയും പുതിയ ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.
മാർഗനിർദേശങ്ങളിൽനിന്ന് വ്യതിചലിച്ച് സ്ഥാപനത്തിന് നഷ്ടമുണ്ടാക്കുന്നവിധം തീരുമാനമെടുക്കുന്ന കമ്മിറ്റിയംഗങ്ങൾ നഷ്ടത്തിന്‍റെ ഉത്തരവാദിത്തം വ്യക്തിപരമായി വഹിക്കേണ്ടിവരും. ജില്ലകളുടെ ചുമതലയുള്ള അഡീഷനൽ രജിസ്ട്രാർമാർ ഫയലുകൾ പരിശോധിച്ച് ഇടപാടുകളുടെ അധികാരികതയും നിയമപരമായ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ കണ്ടെത്തിയാൽ സഹകരണ സംഘം രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

