തുരങ്കപാത നിർമാണം നിർത്തിവെച്ച് ഉത്തരവ്; വിദഗ്ധ സമിതിയുടെ പരിഗണന വിഷയങ്ങളായി
text_fieldsതിരുവനന്തപുരം: വയനാട് കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ധസമിതി റിപ്പോർട്ട് ലഭിക്കുന്നതുവരെ തുരങ്കപാതയുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെച്ച് സർക്കാർ ഉത്തരവ്. ഇതോടൊപ്പം, വിദഗ്ധ സമിതിയെ നിയമിച്ചും ഇവർക്കുള്ള പരിഗണന വിഷയങ്ങൾ നിശ്ചയിച്ചുമുള്ള ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവും ശനിയാഴ്ച പുറത്തിറക്കി. ഇതുസംബന്ധിച്ച് നേരത്തെ സർക്കാർ തീരുമാനമെടുത്തിരുന്നു.
നിർമാണത്തിൽ കരാർവ്യവസ്ഥകളുടെ ലംഘനം നടന്നോ എന്നും സംസ്ഥാന, കേന്ദ്ര പരിസ്ഥിതി അനുമതികളും വനംമന്ത്രാലയ ക്ലിയറൻസും കൃത്യമായി ലഭ്യമാക്കിയിട്ടുണ്ടോ എന്നും വിദഗ്ധ സമിതി വിശദമായി പരിശോധിക്കും. ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രൻ, ഇക്കോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി എന്നിവരെ കൂടാതെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും റവന്യൂ-ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറിയും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് തുരങ്കപാത സംബന്ധിച്ച് പഠിക്കുക. റവന്യൂ-ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറിയാണ് സമിതി കൺവീനർ. കൂടാതെ, അന്വേഷണത്തിന് ആവശ്യമെന്നു കണ്ടാൽ മറ്റു വിദഗ്ധരെകൂടി സമിതിയിൽ ഉൾപ്പെടുത്താൻ കൺവീനർക്ക് അധികാരമുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു.
പ്രകൃതിലോല പ്രദേശത്ത് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയതെന്ന ആക്ഷേപം ശക്തമാണ്. തുരങ്കത്തിനുള്ളിൽ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളോ മുൻകരുതൽ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തുരങ്കപാത അതീവ ദുർബലമായ പാരിസ്ഥിതിക മേഖലയിലാണെന്നും നിർമാണവേളയിൽ ഉരുൾപൊട്ടൽ, മണ്ണും വെള്ളവും ചളിയും കുത്തിയൊലിച്ചു വരൽ എന്നിവയ്ക്കടക്കം സാധ്യതയുണ്ടെന്നും പദ്ധതിയുടെ പാരിസ്ഥിതികാനുമതിഘട്ടത്തിൽ തന്നെ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു.
വിദഗ്ധ സമിതിയുടെ പരിഗണന വിഷയങ്ങൾ
•തുരങ്കം തകരാനുണ്ടായ യഥാർഥ കാരണങ്ങൾ കണ്ടെത്തൽ
•നിർമാണ കരാറുകാരൻ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൽ
•സംസ്ഥാന, കേന്ദ്ര സർക്കാറുകൾ നൽകിയ പരിസ്ഥിതി അനുമതികൾ കൃത്യമായിരുന്നോ എന്ന് പരിശോധിക്കൽ
•കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകിയ വനാനുമതി സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിക്കൽ
ധനസഹായം, ഉത്തരവിറങ്ങി
തിരുവനന്തപുരം: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാൻ സർക്കാർ ഉത്തരവ്. പരിക്കേറ്റവർക്ക് അവരുടെ അവസ്ഥ പരിഗണിച്ച് രണ്ടു ലക്ഷം രൂപ വരെ നൽകുമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

