കണ്ണൂർ കോളാരി വില്ലേജിൽ 876 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവ്
text_fieldsതിരുവനന്തപുരം : കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് കണ്ണൂർ കോളാരി വില്ലേജിൽ 876 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് റവലന്യൂ വകുപ്പിന്റെ ഉത്തരവ്. ഈ ഭൂമിയിൽ നെൽവയൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നെൽവയൽ സംരക്ഷണ നിയമത്തിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ പരിവർത്തനം ചെയ്യാവൂ എന്ന വ്യവസ്ഥക്കു വിധേയമായി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിനാണ് അനുമതി നൽകിയത്.
ഭൂമി ഏറ്റെടുക്കന്നത് സംബന്ധിച്ച സാമൂഹിക ആഘാതപഠന റിപ്പോർട്ട് തയാറാക്കുന്നതിന് തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് എന്ന ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. 2013 ലെ എൽ.എ.ആർ.ആർ നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം ബാധിക്കപ്പെടുന്ന കുടുംബങ്ങളെ കേൾക്കുന്നതിന് പബ്ലിക് ഹിയറിംഗ് നടത്തിയിരുന്നു.
നിയമത്തിലെ വകുപ്പ് ആറ് പ്രകാരം സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് നൽകി. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം സാമൂഹ്യാഘാത പഠനം വിലയിരുത്തുന്നതിനായി കണ്ണൂർ കലക്ടർ വിദഗ്ധ സമിതിയെ നിയോഗിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിദഗ്ധ സമിതിയുടെ ശുപാർശയും സാമൂഹ്യാഘാത പഠന റിപ്പോർട്ടും കലക്ടർ പരിശോധിച്ചു. തുടർന്ന് കലക്ടർ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ സർക്കാരിന് ശിപാർശ നൽകി. കണ്ണൂർ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകുന്നതിന് റവന്യൂവകുപ്പ് അനുമതി നൽകി ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

