പട്ടികജാതി ദുർബല വിഭാഗങ്ങൾക്ക് മൈക്രോ പ്ലാനിങ് മാർഗരേഖ അംഗീകരിച്ച് ഉത്തരവ്
text_fieldsകോഴിക്കോട്: പട്ടികജാതി ദുർബല വിഭാഗങ്ങളുടെ പുനരധിവാസത്തിനും മൈക്രോ പ്ലാനിങ് നടപ്പാക്കുന്നതിനുമുള്ള മാർഗരേഖ അംഗീകരിച്ച് ഉത്തരവ്. അരുന്ധതിയാർ, ചക്കിലിയാർ, കള്ളാടി, നായാടി, വേടൻ എന്നീ വിഭാഗങ്ങളുടെ പിന്നാക്കവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് മൈക്രോപ്ലാനിങ് നടപ്പാക്കുന്നത്.
പദ്ധതി ഘട്ടം ഘട്ടമായിട്ടാണ് ആവിഷ്കരിച്ച് നാടപ്പാക്കുന്നത്.ഒന്നാം ഘട്ടത്തിൽ ഈ വിഭാഗങ്ങളുടെ കുടുംബ വിവരശേഖരണം നടത്തും. എസ്.സി പ്രമോട്ടർമാർ വഴി അതാത് തദ്ദേശ സ്ഥാപന തലത്തിനും ക്രോഡീകരണം ബ്ലോക്ക് -നഗരസഭാ തലത്തിലും നിർവഹിക്കും. സർവേ നടത്തുന്നതിനായി ചോദ്യാവലി തയാറാക്കും. സർവേ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എസ്.സി പ്രൊമോട്ടർമാർക്കും പരിശീലനം നൽകും.
രണ്ടാംഘട്ടത്തിൽ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ദുരിത സാഹചര്യത്തിൽ കഴിയുന്ന കുടുംബങ്ങളെ ഉൾപ്പെടുത്തി ഗുണഭോക്തൃ പട്ടിക തയാറാക്കും. അത് തദ്ദേശസ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കും.
1. സ്വന്തമായി വീടും ഭൂമിയും ഇല്ലാത്ത കുടുംബം.
2. വരുമാനം 25,000 രൂപയോ അതിൽ കുറവോയുള്ള കുടുംബം
3. എ.എ.വൈ കാർഡുള്ള കുടുംബം
4. 60 വയസിന് മുകളിൽ പ്രായമുള്ളവർ മാത്രമുള്ള കുടുംബം.
5. വനിതകൾ മാത്രമുള്ള കുടുംബം
6. ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, മാരകരോഗങ്ങൾ ബാധിച്ചവരുള്ള കുടുംബം.
7. ഭർത്താവ് നഷ്ടപ്പെട്ട, ഉപേക്ഷിച്ച വനിത കുടുംബനാഥയായ കുടുംബം
8. സാമൂഹ്യ പെൻഷൻ ഒഴികെ വരുമാനമാർഗമില്ലാത്ത കുടുംബം
എന്നിവരെയാണ് പരിഗണിക്കുന്നത്.
മൂന്നാം ഘട്ടത്തിൽ വകുപ്പ് നിയോഗിക്കുന്ന കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരുടെ സേവനം ഉപയോഗിച്ച് കുടുംബങ്ങളിൽ സന്ദർശിച്ച് പഠനത്തിൻറെ അടിസ്ഥാനത്തിൽ ഇവരെ മുഖധാരിയിൽ എത്തിക്കുന്നതിന് ആവശ്യമായ പദ്ധതികൾ തയാറാക്കും. പദ്ധതിയുടെ നടത്തിപ്പിനായി ആക്ഷൻ പ്ലാൻ തയാറാക്കും.തദ്ദേശ സ്ഥാപനത്തിൽ ധനസഹായം എത്രയെന്ന് അതാത് പട്ടികജാതി ഓഫീസർ കണക്കാക്കും.
ജീവിത ഉന്നമനത്തിനായി തയാറാക്കുന്ന കർമ്മപദ്ധതി അന്തിമമായി ജില്ലാ പട്ടികജാതി ഓഫീസർക്ക് സമർപ്പിക്കും. നാലാം ഘട്ടത്തിൽ അംഗീകാരം ലഭിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. പദ്ധതി പുരോഗതി മൂന്നു മാസത്തിലൊരിക്കൽ ജില്ലാ ഓഫീസർ വിലയിരുത്തും.
മൈക്രോ പ്ലാനിങ് നടപ്പാക്കുന്നതിനായി പ്രത്യേകം പ്രവർത്തന കലണ്ടർ തയ്യാറാക്കും. ഒന്നാം ഘട്ടത്തിലെ വിവിരശേഖരണം 30 ദിവസത്തിനകം പൂർത്തീകരിക്കണം. ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ അന്തിമ കർമ്മ പദ്ധതി ജില്ലാ ഓഫിസർക്ക് സമർപ്പിക്കണം. ഏഴുദിവസത്തിനകം അംഗീകാരം നൽകണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

