Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാറഞ്ച് പാസ്പോർട്ട്:...

ഒാറഞ്ച് പാസ്പോർട്ട്: പ്രവാസി തൊഴിലാളികളെ അപമാനിക്കാനെന്ന് ഉമ്മൻചാണ്ടി

text_fields
bookmark_border
oommen-chandy
cancel

കോഴിക്കോട്: രണ്ടു തരം പാസ്പോർട്ടുകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. സാധാരണക്കാരായ പ്രവാസി തൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നതിന് തുല്യമാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നീക്കമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സമ്പന്നർക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങൾക്കും തൊഴിലാളികൾക്കും മറ്റൊരു നീതിയും എന്ന ബി.ജെ.പി യുടെ ഇരട്ടത്താപ്പാണ് പുതിയ തീരുമാനത്തിലൂടെ തുറന്നു കാണിക്കുന്നത്. ഇന്നാട്ടിലെ സാധാരണക്കാരും തൊഴിലാളികളും പുതിയ തീരുമാനത്തിനെതിരെ രംഗത്തു വരേണ്ടത് അനിവാര്യതയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉമ്മൻചാണ്ടി ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശിപാർശകൾ അങ്ങേയറ്റം വിവേചനപരവും, പ്രതിഷേധകരവുമാണ്. നമ്മുടെ രാജ്യത്തെ സാധാരണ പൗരന്മാർക്ക് തൊഴിലിന്‍റെ അടിസ്ഥാനത്തിൽ രണ്ടു നിറത്തിലുള്ള പാസ്സ്പോർട്ടുകൾ എന്നത് അധിക്ഷേപകരമായ ഒരു നടപടിയാണ്. സാധാരണക്കാരായ പ്രവാസിതൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നത്തിന് തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ ഈ നീക്കം. 

ശിപാർശ നടപ്പിലാകുന്നതോടു കൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്സ്പോർട്ട് ഓറഞ്ചു നിറത്തിലായി മാറും, പാസ്സ്പോർട്ടിലെ മേൽവിലാസം ഉൾപ്പെടെയുള്ള വിവരങ്ങളുള്ള അവസാന പേജ് എടുത്തു മാറ്റാനും തീരുമാനമുണ്ടെന്നറിയുന്നു. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കൽപ്പമാണ് ഇതോടു കൂടി ഇല്ലാതാവുക. കൊളോണിയൽ കാലത്തുണ്ടായിരുന്ന നിറത്തിന്‍റെ പേരിലുള്ള ചേരിതിരിവ് മറ്റൊരു അർത്ഥത്തിൽ സമ്പത്തിന്‍റെയും മറ്റും പേരിൽ പുനർജനിക്കും.

യാതൊരു കാരണവശാലും ഇത് അനുവദിച്ചു കൂടാ. പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ നെഞ്ചത്തടിക്കുന്നതാണ്. നാടും വീടും വിട്ട് പൊരി വെയിലത്തും, മരുഭൂമിയിലും മറ്റും കഷ്ടപ്പെട്ടും, ലേബർ ക്യാംപിൽ ദുരിത ജീവിതം നയിച്ചും അവർ കരുതി വച്ച സമ്പാദ്യത്തിലാണ് ഈ രാജ്യം പുരോഗതി പ്രാപിച്ചതെന്ന സത്യം നാം വിസ്മരിച്ചുപോവരുത് . 

ഈ നീക്കം പ്രാബല്യത്തിൽ വരുന്നതോടെ വിദേശ രാജ്യങ്ങളിൽ ചെന്നിറങ്ങുന്ന ഇന്ത്യക്കാരനായ ഓരോ തൊഴിലാളിയെയും പാസ്സ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയാനും അവന്‍റെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യാനും മോശം പരിഗണന ലഭിക്കാനും മാത്രമേ ഉപകരിക്കൂ. സാധാരണക്കാരായ തൊഴിലാളികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന ഈ നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചേ മതിയാകൂ. സമ്പന്നർക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങൾക്കും തൊഴിലാളികൾക്കും മറ്റൊരു നീതിയും എന്ന ബി.ജെ.പി യുടെ ഇരട്ടത്താപ്പാണ് ഈ നീക്കം തുറന്നു കാണിക്കുന്നത്. ഇന്നാട്ടിലെ സാധാരണക്കാരും, തൊഴിലാളികളും ഇതിനെതിരെ രംഗത്ത് വരേണ്ടത് അനിവാര്യതയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newscentral govtmalayalam newspravasi laboursOrange passport
News Summary - Orange Passport: Central Govt Insult Pravasi Labours says Oommen Chandy -Kerala News
Next Story