മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
text_fieldsതിരുവനന്തപുരം: അറബിക്കടലിലേയും ബംഗാൾ ഉൾക്കടലിലേയും തീവ്രന്യൂനമർദനത്തെുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴ തുടരും. മിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 - 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
അതിശക്തമായ മഴ സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുള്ള തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം. നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്നവരും നിർദേശമനുസരിച്ച് മാറണം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

