You are here
തുലാമഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കിഴക്ക് മധ്യ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെതുടർന്ന് തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ (115 മി.മീ. വരെ മഴ) അതിശക്തമായതോ (115 മി.മീ. മുതൽ 204.5 മി.മീ. വരെ മഴ) ആയ മഴക്ക് സാധ്യതയുണ്ട്.
ആറ് ജില്ലകളിലും സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളലുകൾ കാണപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ല ഭരണകൂടത്തിെൻറ അറിയിപ്പ് കിട്ടുന്ന മുറക്ക് മാറിതാമസിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ന്യൂനമർദപ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സർക്കാർ അറിയിച്ചു. കേരള, കർണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ് തീരത്തും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ, മധ്യ-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ മാസം 24വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാത്ത ജില്ലകൾ യെല്ലോ അലർട്ടിലാണ്. വൈകുന്നേരങ്ങളിലെ കനത്ത മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മഴ ശക്തമായതോടെ പാലക്കാടും കോഴിക്കോടും ഒാരോ ദുരിതാശ്വാസ ക്യാമ്പുകൾ വീതം തുറന്നിട്ടുണ്ട്. 42 കുടുംബങ്ങളിലെ 184 പേരാണ് ഇരുക്യാമ്പുകളിലുമായി കഴിയുന്നത്.