ഒരു വശത്ത് പെരുമഴ, മറു വശത്ത് ഉഷ്ണക്കാറ്റ്; കേരളത്തിൽ ഓറഞ്ച് അലർട്ട്, ഡൽഹിയിൽ താപനില 44 ഡിഗ്രിയിലേക്ക്
text_fieldsകേരളത്തിൽ മൺസൂൺ ശക്തമാകുന്നതിനിടെ വടക്കൻ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഡൽഹിയിൽ കടുത്ത ചൂട് തുടരുമെന്നും എന്നാൽ ഈ ആഴ്ച അവസാനം മഴയെത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ജൂൺ 8ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ ശക്തമായ മഴയും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 12 മുതൽ 20 സെന്റീമീറ്റർ വരെ അതിശക്തമായ മഴയുമാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 9ന് ഈ അലർട്ട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. കേരളത്തിലെ മിക്ക ജില്ലകളിലും ജൂൺ 11 വരെ മഞ്ഞ അലർട്ടുണ്ട്. ജൂൺ 13 വരെ കേരളത്തിലും ലക്ഷദ്വീപിലും വ്യാപകമായ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
തീവ്രമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവക്ക് സാധ്യതയുണ്ട്. കനത്ത മഴ റോഡ് ഗതാഗതത്തെ തടസ്സപ്പെടുത്താനും, മരങ്ങൾ കടപുഴകി വീഴാനും, വൈദ്യുതി ബന്ധം തകരാറിലാക്കാനും ഇടയാക്കിയേക്കാം. വിളവെടുപ്പിന് പാകമായ കൃഷികൾക്കും ഇത് നാശം വിതച്ചേക്കാം. ജൂൺ 8, 9 തിയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. ലക്ഷദ്വീപ്, മാലദ്വീപ്, ഒമാൻ, സൊമാലിയ തീരങ്ങളോട് ചേർന്നുള്ള കടൽ മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്. മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും അടുത്ത നാല് ദിവസത്തിനുള്ളിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ എത്തും. കർണാടകയിൽ ജൂൺ 8 മുതൽ 10 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.
ഡൽഹി-എൻ.സി.ആർ മേഖലയിൽ വരുംദിവസങ്ങളിൽ താപനില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 9, 10 തിയതികളിൽ കൂടിയ താപനില 42 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. എന്നാൽ, ജൂൺ 11ഓടെ സ്ഥിതി മാറും. അന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്. ഇതിനുശേഷം താപനില 4 മുതൽ 6 ഡിഗ്രി വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിക്ക് പുറമെ ഫരീദാബാദ്, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും ജൂൺ 11 മുതൽ 13 വരെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടും. നിലവിൽ ഡൽഹിയിൽ ഉഷ്ണതരംഗ മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെങ്കിലും കടുത്ത ചൂട് ജനങ്ങളെ വലക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

