Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദത്ത് വിവാദത്തിൽ...

ദത്ത് വിവാദത്തിൽ സർക്കാറിനെതിരെ തുറുപ്പ് ചീട്ട് ഇറക്കി പ്രതിപക്ഷം; കടന്നാക്രമിച്ച് കെ.കെ. രമ

text_fields
bookmark_border
kk rama -anupama child kidnap
cancel

തിരുവനന്തപുരം: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പിണറായി സർക്കാറിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം ഉപയോഗിച്ചത് സി.പി.എമ്മിന്‍റെ കടുത്ത വിമർശകയായ ആർ.എം.പി നേതാവ് കെ.കെ. രമയെ. ദത്ത് വിവാദം ഉയർത്തി നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള പ്രസംഗത്തിൽ എൽ.ഡി.എഫ് സർക്കാറിനും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷവിമർശനമാണ് കെ.കെ. രമ നടത്തിയത്.

കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മുഖ്യന്ത്രിയുടെ ഒാഫിസ് അടക്കം ഭരണകൂട, രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്ന് കെ.കെ. രമ ആരോപിച്ചു. ദുരഭിമാന കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. ആഭ്യന്തര വകുപ്പിന്‍റെ തലവനായ മുഖ്യമന്ത്രിക്ക് തലതാഴ്ത്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്ന് കെ.കെ. രമ ചൂണ്ടിക്കാട്ടി.

കേരളം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ക്രൂരമായ ദുരഭിമാന കുറ്റകൃത്യത്തിന്‍റെ ഇരയാണ് പേരൂര്‍ക്കട സ്വദേശിയായ അനുപമയും കുഞ്ഞും. ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും ഡി.ജി.പിയും മുഖ്യമന്ത്രിയുടെ ഓഫീസും എല്ലാം ഉള്‍പ്പെട്ട ഭരണകൂടം സംഘടിതമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ദുരഭിമാന കുറ്റകൃത്യമാണിത്. പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് നാടുകടത്തിയ ക്രൂരകൃത്യം മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.

സ്വന്തം അമ്മയുണ്ടായിട്ട് വളര്‍ത്തുമകനായി, മുലപ്പാല്‍ ചുരത്തുന്ന അമ്മയുണ്ടായിട്ടും പൊടിപ്പാല്‍ കുടിക്കാന്‍ നിര്‍ബന്ധിതനായ, നാഥനുണ്ടായിട്ടും അനാഥനാക്കി മാറ്റപ്പെട്ട പിഞ്ചുകുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് കേരളം വേദനിക്കുകയാണ്. അനുപമയോടും കുഞ്ഞിനോടും മാത്രമല്ല ക്രൂരകൃത്യം ചെയ്തിട്ടുള്ളത്. തട്ടിപ്പ് അറിയാതെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതിമാരോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും കെ.കെ രമ ചൂണ്ടിക്കാട്ടി.

ഹീനവും നികൃഷ്ടവുമായ കുറ്റകൃത്യം. കുടുംബത്തിനൊപ്പം കുറ്റകൃത്യത്തിന് സര്‍ക്കാറിന്‍റെ എല്ലാ സംവിധാനങ്ങളും കൂട്ടുചേര്‍ന്നു എന്നതാണ് ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നത്. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ശിശുക്ഷേമസമിതി പിരിച്ചുവിടണം. എല്ലാത്തിനും ചുക്കാന്‍പിടിച്ചത് അനുപമയുടെ സ്വന്തം പിതാവും സി.പി.എം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനാണ്. പാര്‍ട്ടി സ്ഥാനങ്ങളും അധികാരങ്ങളും ഉപയോഗിച്ച് സ്വാധീനം ചെലുത്തി രായ്ക്കുരാമാനം കുഞ്ഞിനെ നാടുകടത്തി.

ശ്രീമതി ടീച്ചര്‍ പരസ്യമായി പറഞ്ഞു, താന്‍ തോറ്റുപോയി എന്ന്. ടീച്ചറെ ആരാണ് തോല്‍പിച്ചത്... ഭരണകൂടമാണോ പൊലീസ് സംവിധാനമാണോ -കെ.കെ. രമ ചോദിച്ചു. പരാതി കൊടുക്കാന്‍ ചെന്ന അനുപമയോട് നിന്‍റെ കുട്ടിയാണെന്നതിന് എന്താണ് തെളിവെന്നാണ് പൊലീസ് ചോദിച്ചത്‌.

ആരോപണവിധേയനായ ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിന് മുന്നില്‍ പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും നട്ടെല്ല് വളഞ്ഞിരിക്കുകയാണ്. പൊലീസിനെ വിമര്‍ശിച്ച് അവരുടെ ആത്മവീര്യം കെടുത്തരുതെന്നാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് പറയാനുള്ളത്. "മനസിനെ മരവിപ്പിക്കുന്ന കൊടുംക്രൂരതകള്‍ കണ്‍മുന്നില്‍ കാണുമ്പോഴും, ഞെട്ടലുണ്ടാക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥക്ക് അനുസരിച്ചാണ്" എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ടെന്നും കെ.കെ രമ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ദത്ത് നൽകിയത് നടപടിക്രമങ്ങൾ പാലിച്ചെന്ന് മന്ത്രി വീണ ജോർജ്

കുഞ്ഞിനെ ദത്ത് നൽകിയത് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചെന്നാണ് ആരോഗ്യ-വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോർജ് സഭയെ അറിയിച്ചത്. സംസ്ഥാന ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും വീഴ്ച സംഭവിച്ചിട്ടില്ല. കുഞ്ഞിന്‍റെ അമ്മയായ അനുപമയുടെ ഒരു പരാതിയും അവഗണിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ദിവസം രണ്ടു കുട്ടികളെയാണ് ലഭിച്ചത്. ഇതിൽ ഒരു കുട്ടിയുടെ ഡി.എൻ.എ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ കുട്ടിയെ ദത്ത് നൽകിയെന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചത്. ഈ കുട്ടി തന്‍റെ കുട്ടിയാണോ എന്ന് പരിശോധിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നിയമപരമായ ചില തടസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി വിശദീകരിച്ചു.

ഇടതുപക്ഷത്തിന്‍റേത് പിന്തിരിപ്പൻ നയമെന്ന് പ്രതിപക്ഷ നേതാവ്

ശിശുക്ഷേമ സമിതിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും മന്ത്രി വീണ ജോർജ് വെള്ളപൂശിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കുഞ്ഞിനെ കിട്ടിയ ദിവസം അമ്മത്തൊട്ടിൽ ഇല്ലായിരുന്നു. ശിശുക്ഷേമ സമിതിയിൽ ആൺകുട്ടിയെ പെൺകുട്ടിയാക്കുന്ന മാജിക് നടന്നു. സി.പി.എം തന്നെ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും ആയി മാറി. ഇടതുപക്ഷത്തിന്‍റേത് പിന്തിരിപ്പൻ നയമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

Show Full Article
TAGS:Anupama Child Kidnap K K Rema Pinarayi Vijayan 
News Summary - Opposition use K.K. Rema to attack against LDF Govt in Anupama Child Kidnap Case
Next Story