പുനരുപയോഗ ഊർജ ചട്ട ഭേദഗതിയിൽ എതിർപ്പ്; ഇന്ന് സോളാർ ബന്ദ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതോൽപാദനവുമായി ബന്ധപ്പെട്ട വലിയ മാറ്റങ്ങൾ നിർദേശിക്കുന്ന പുനരുപയോഗ ഊർജ ചട്ട ഭേദഗതിയുടെ കരടുമായി ബന്ധപ്പെട്ട് വാദപ്രതിവാദം പുതിയ തലത്തിലേക്ക്. ചട്ട ഭേദഗതിക്കെതിരെ രംഗത്തുള്ള സോളർ ഉൽപാദകരുടെ കൂട്ടായ്മകൾ പ്രതിഷേധത്തിനിറങ്ങാനുള്ള തീരുമാനത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സൗരോർജ ഉൽപാദകർ ബുധനാഴ്ച റെഗുലേറ്ററി കമീഷൻ ആസ്ഥാനത്തേക്ക് മാർച്ചും ഓഫിസിന് മുന്നിൽ ധർണയും നടത്തും. നാടിനെ ഇരുട്ടിലാക്കുന്നതാണ് കമീഷന്റെ കരട് നയമെന്ന മുദ്രാവാക്യമുന്നയിച്ചാണ് പ്രതിഷേധം.
അതേസമയം കരട് നയത്തെ അനുകൂലിച്ചുള്ള വിഡിയോ മന്ത്രി കെ. കൃഷ്ണൻകുട്ടി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. എന്നാൽ, മന്ത്രിയുടെ പേജിൽ കരടിനെതിരെ രൂക്ഷ വിമർശനമാണ് പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിച്ചവരും ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികളും ഉന്നയിക്കുന്നത്.
മൂന്നു കിലോവാട്ടിന് താഴെയായി നെറ്റ് മീറ്ററിങ് പരിമിതപ്പെടുത്തുക, അഞ്ചുകിലോ വാട്ടിനു മുകളില്‍ 30 ശതമാനം ബാറ്ററി സ്റ്റോറേജ് നിര്‍ബന്ധമാക്കുക, ഓരോ യൂനിറ്റിനും ഒരു രൂപ അധികമായി ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ് ഈടാക്കുക തുടങ്ങി അപ്രായോഗികമായ നിരവധി നിർദേശങ്ങള്‍ കരടിലുണ്ടെന്നാണ് ഉൽപാദകരുടെ വിമർശനം. അതേസമയം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അനിവാര്യമായ പരിഷ്കാരങ്ങൾ മാത്രമാണ് കരട് റെഗുലേഷനിൽ ഉൾപ്പെടുത്തിയതുമെന്ന വാദം ആവർത്തിക്കുകയാണ് കമീഷൻ.
അതിനിടെ, കരട് ചട്ടഭേദഗതിയിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോര്‍ജ മേഖലയില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്റ്റേഴ്സ് അസോസിയേഷന് കുറ്റപ്പെടുത്തി.
നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷൻ വ്യാഴാഴ്ച സോളാര്‍ ബന്ദ് ആചരിക്കും. സോളാര്‍ പ്ലാന്റുകളുടെ നിര്‍മാണം, വിപണനം, ഇന്സ്റ്റലേഷന്, സര്‍വീസ് മേഖലകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ബന്ദിന്റെ ഭാഗമായി അടച്ചിടും. വെള്ളയമ്പലത്തെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന് ഓഫിസിലേക്ക് മാര്‍ച്ചും ധർണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

