തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെയും സന്ദീപിനെയും കേരളം വിട്ട് പോവാൻ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുമാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാന്‍. രോഗികൾക്ക് പോലും കിട്ടാത്ത പരിരക്ഷ എങ്ങനെ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചു? കള്ളക്കടത്ത് സംഘത്തെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ഏറ്റെടുത്തിരിക്കുന്നതെന്നും ബെന്നി ബെഹന്നാൻ ആരോപിച്ചു.
സ്വപ്നയെ ബംഗളൂരിലേക്ക് കടക്കാൻ സഹായിച്ചത് പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ട്രിപ്പിൾ ലോക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാൻ സഹായിച്ചത് പൊലീസാണെന്ന് വ്യക്തമാണ്. ശബ്ദരേഖ പുറത്ത് വന്നപ്പോൾ തന്നെ സർക്കാരിന്‍റെ ഒത്തുകളി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പുറത്തുപറയുമെന്നും ചെന്നിത്തല പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യമാണ് നടന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
റോഡ് മാര്‍ഗം കാറോടിച്ചാണ് സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് പോയത്. ആദ്യം താമസിച്ചത് ബി.ടി.എം ലേഔട്ടിലുള്ള ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. പാസ്പോര്‍ട്ട്, മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ടര ലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു.