മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും സഭ്യേതര പരാമർശം നടത്തിയെന്ന് പ്രതിപക്ഷം; ഭരണപക്ഷ എം.എൽ.എ ഭിന്നശേഷിക്കാരെ അപമാനിച്ചെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും നിയമസഭയിൽ സഭ്യേതര പരാമർശം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭരണപക്ഷത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ മോശം പരാമർശങ്ങൾ തടയാൻ സ്പീക്കർ ശ്രമിച്ചില്ല. ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ സി.പി.എം എം.എൽ.എ പി.പി. ചിത്തരഞ്ജൻ നടത്തി. 'രണ്ട് കൈയും ഇല്ലാത്ത ആളുകൾ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാൽ എന്ത് ചെയ്യും' എന്ന പരാമർശമാണ് നടത്തിയതെന്നും സതീശൻ പറഞ്ഞു.
മന്ത്രി ഗണേഷ് കുമാർ വ്യക്തിപരമായ വിരോധം തീർക്കുകയാണ് ചെയ്തത്. കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സി യൂനിയൻ അധ്യക്ഷൻ കൂടിയായ എം. വിൻസെന്‍റിനെ കുറിച്ച് മോശം പരാമർശം നടത്തി. ഇത്തരം പമാർശങ്ങൾ തടയാതെ സ്പീക്കർ കുടപിടിച്ചു കൊടുത്തു.
എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നണികളും സഭക്കുള്ളിൽ സമരം നടത്തുന്നത് ചരിത്രമാണ്. സഭയിൽ സമരം നടക്കുന്നത് ആദ്യമായാണെന്ന് ആദ്യമായി സഭയിലെത്തിയ അംഗങ്ങളായ മന്ത്രിമാർ പറയുന്നത്. മന്ത്രിമാരായ രാജേഷും രാജീവും പ്രതിപക്ഷത്തെ അവഹേളിക്കുന്ന തരത്തിലുളള പരാമർശങ്ങളാണ് നടത്തിയത്. ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ്.
സഭ നന്നായി നടത്തിക്കൊണ്ടു പോവാനുള്ള സാഹചര്യമുണ്ടാക്കുക എന്നതാണ് പാർലമെന്‍ററികാര്യ മന്ത്രിയുടെ ആദ്യ ജോലി. എന്നാൽ, സഭ അലങ്കോലമാക്കാനാണ് മന്ത്രി രാജേഷ് ശ്രമിക്കുന്നത്. അതുതന്നെയാണ് നിയമമന്ത്രിയും ചെയ്യുന്നത്. ഇന്നലെ മുഖ്യമന്ത്രിയാണെങ്കിൽ ഇന്ന് മന്ത്രിമാരും പ്രതിപക്ഷ അംഗങ്ങളുമാണ് പ്രകോപനം ഉണ്ടാക്കിയത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷം തോറ്റ് മടങ്ങില്ല.
അയ്യപ്പന്‍റെ ദ്വാരപാലക വിഗ്രഹങ്ങൾ മോഷ്ടിക്കുകയും വിൽപന നടത്തുകയും ചെയ്തത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് കടകംപള്ളി സുരേന്ദ്രൻ പറയുന്നു. 2019ലാണ് ശബരിമലയിൽ കുഴപ്പം നടന്നതെന്നാണ് ദേവസ്വം മന്ത്രി വി.എൻ. വാസവനും ദേവസ്വം പ്രസിഡന്‍റും പറഞ്ഞത്. 2019ൽ ദ്വാരപാലക ശിൽപം വിറ്റ സമയത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രൻ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്.
ദ്വാരപാലക ശിൽപം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്കറിയാം. അതിനാലാണ് കടകംപള്ളി കോടീശ്വരന്‍റെ പേര് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പട്ടത്. സർക്കാറിനും ദേവസ്വം ബോർഡിനും ഇക്കാര്യം അറിയാവുന്നതാണ്. ഹൈകോടതി പറഞ്ഞപ്പോഴാണ് പ്രതിപക്ഷം അടക്കമുള്ളവർ വിവരം അറിയുന്നത്.
ഇക്കാര്യം അറിഞ്ഞിട്ടും 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ക്ഷണിച്ചു. ശബരിമലയിലെ വാതിലും കട്ടിളപ്പടിയും ദ്വാരപാല ശിൽപവും കൊണ്ടുപോയി. കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ ഈ കള്ളന്മാർ അയ്യപ്പന്‍റെ തങ്കവിഗ്രഹം അടിച്ചു കൊണ്ടു പോയേനെ എന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

