‘ലഹരി മാഫിയക്കെതിരായ വാർത്തയിൽ എസ്.എഫ്.ഐ എന്തിനാണ് പ്രകോപിതരാകുന്നത്’
text_fieldsതിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ വാർത്തയിൽ എസ്.എഫ്.ഐ പ്രവർത്തകർ എന്തിനാണ് പ്രകോപിതരാകുന്നതെന്ന് നിയമസഭയിൽ പ്രതിപക്ഷം. ലഹരി മാഫിയക്കെതിരായ വാർത്ത എങ്ങനെ സംസ്ഥാന സർക്കാറിന് എതിരാകും. എസ്.എഫ്.ഐക്ക് സെൻസർഷിപ്പ് ചുമതല ആരാണ് നൽകിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് കൊച്ചി ഓഫിസിൽ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് ആരോപിച്ചു.
ഏഷ്യാനെറ്റ് കൊച്ചി റീജിനൽ ഓഫിസിൽ എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഏഷ്യാനെറ്റ് ഓഫിസിൽ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് വിഷ്ണുനാഥ് നേട്ടീസ് ചൂണ്ടിക്കാട്ടിയത്.
ബി.സി.സി റെയ്ഡിൽ മുഖ്യമന്ത്രി കാണിച്ച ആശങ്കയാണ് ഏഷ്യാനെറ്റ് റെയ്ഡിൽ പ്രതിപക്ഷം കാണിക്കുന്നതെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. മോദി ഭരണകൂടവും പിണറായിയുടെ ഭരണകൂടവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ വിശ്രമിക്കുന്ന ഏഷ്യാനെറ്റ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനോട് ഇന്ന് കോഴിക്കോട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി വാട്ട്സ്ആപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചതെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഒരു മാധ്യമ സ്ഥാപനത്തിന്‍റെ പ്രവർത്തനത്തിൽ പരാതിയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാൻ വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. ഇപ്പോൾ ആ ചുമതല എസ്.എഫ്.ഐക്കാർക്കാണ് നൽകിയത്. എസ്.എഫ്.ഐക്ക് സെൻസർഷിപ്പിന്‍റെ ചുമതല നൽകിയിട്ടുണ്ടോ?. എസ്.എഫ്.ഐ ഗൂണ്ടാപ്പടയല്ലേ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകർത്തത്?. എസ്.എഫ്.ഐ ഗുണ്ടായിസം കാണിച്ചാൽ എത്ര ഭീഷണി ഉണ്ടായാലും ഗുണ്ടായിസം കാണിച്ചെന്ന് പറയുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
മാധ്യമ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ ശേഷം പുരപ്പുറത്ത് കയറി ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സർക്കാർ യജ്ഞം നടത്തുന്നു. ഏഷ്യാനെറ്റിന് നേരെയുള്ള അതിക്രമം കേരളത്തിലെ മാധ്യമങ്ങൾക്ക് നേരെയുള്ള മുന്നറിയിപ്പാണ്. സർക്കാറിനെതിരെ വാർത്തകൾ കൊടുക്കരുതെന്നും ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കരുതെന്നുമുള്ള മുന്നറിയിപ്പാണിതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ഓഫിസിലെ പരിശോധനയെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. ക്രിമിനൽ കുറ്റത്തിൽ ഏർപ്പെട്ട വ്യക്തിക്കെതിരെ കേസെടുക്കുന്നത് അയാൾ ചെയ്യുന്ന തൊഴിൽ എന്താണെന്ന് നോക്കിയല്ല. അങ്ങനെ ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ വിഡിയോ നിർമാണവും സംപ്രേഷണവും മാധ്യമ പ്രവർത്തനത്തിന്‍റെ ഭാഗമല്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിൽപ്പെടുത്തിയിട്ട് മാധ്യമ പ്രവർത്തനത്തിന്‍റെ പരിരക്ഷ വേണമെന്ന് പറയുന്നത് നീചമായ പത്രപ്രവർത്തനമാണ്. അത്തരം ദുഷിപ്പുകൾ മാധ്യമരംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം മാധ്യമപ്രവർത്തകരും.
മാധ്യമപ്രവർത്തനത്തിന്‍റെ ഭാഗമായി എന്തെല്ലാമാകാമെന്ന് നിയതമായ കാര്യങ്ങളുണ്ട്. ഏഷ്യാനെറ്റിലെ പൊലീസ് നടപടിയെ ബി.ബി.സി നടപടിയുമായി താരതമ്യം ചെയ്യേണ്ട. വ്യാജ വിഡിയോ നിർമാണം ഏതെങ്കിലും സർക്കാറിനോ ഭരണാധികാരിക്കോ എതിരായ തുറന്നുകാട്ടലല്ല. അതിനാൽ പ്രതികാര നടപടിയെന്ന് പറഞ്ഞാൽ വിലപ്പോവില്ല. വ്യാജ വാർത്ത ഒരു തരത്തിലുമുള്ള പ്രകോപനം ഉണ്ടാക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് കോഴിക്കോട് ഓഫിസിൽ നടത്തിയത് നിയമവാഴ്ചയുടെ ഭാഗമായുള്ള പരിശോധന മാത്രമാണ്. പി.വി അൻവറിന്‍റെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും വെള്ളയിൽ പൊലീസ് ആണ് കേസെടുത്ത് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടിയന്തരപ്രമേയത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

