'കണ്ണൂരിലെ ബോംബ് സ്ഫോടനം' സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരാണ്, ആർക്ക് വേണ്ടി ബോംബ് നിർമിച്ചതെന്ന് കണ്ടെത്തിയില്ല
text_fieldsതിരുവനന്തപുരം: കണ്ണൂരിലെ ഇരിട്ടിയിൽ സ്റ്റീൽ ബോംബ് പൊട്ടി അസം സ്വദേശികളായ രണ്ടു പേർ മരിച്ച സംഭവം ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം. പ്രതിപക്ഷ അംഗമായ സണ്ണി ജോസഫ് ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. കൊലപാതകത്തിന് തുല്യമായ നരഹത്യയാണ് കണ്ണൂരിൽ സംഭവിച്ചതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. സംഭവം അന്വേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. ആരാണ് ബോംബ് നിർമിച്ചത്, ആർക്ക് വേണ്ടി, എങ്ങനെയാണ് സംഭവം അടക്കമുള്ള കാര്യങ്ങൾക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സി.പി.എം കേന്ദ്രങ്ങൾ മുമ്പ് സ്ഫോടനം നടന്നിട്ടുണ്ട്. സ്ഫോടന സ്ഥലം സന്ദർശിക്കാൻ എത്തിയ ഡി.സി.സി അധ്യക്ഷനായിരുന്ന സതീശൻ പാച്ചേനിയെ തടയുന്ന സംഭവം വരെ ഉണ്ടായി. സി.പി.എം നേതാവായ അധ്യാപകന്‍റെ ബാഗ് താഴെ വീണ് സ്ഫോടനമുണ്ടായി, മട്ടന്നൂരിൽ ബോംബ് നിർമാണത്തിനിടെ സി.പി.എം, ആർ.എസ്.എസ് പ്രവർത്തകൻ മരിച്ചു. കണ്ണൂർ ജില്ലയിൽ ബോംബ് നിർമാണവും അതിനോടനുബന്ധിച്ചുള്ള മരണങ്ങളും നിത്യസംഭവമായി മാറുകയാണ്. സി.പി.എം നേതാവ് പി. ജയരാജൻ ബോംബ് നിർമിക്കുമ്പോൾ മകന്‍റെ കൈയ്യിൽവെച്ച് പൊട്ടിയെന്ന ആരോപണവും സണ്ണി ജോസഫ് ഉന്നയിച്ചു.
വിഷയദാരിദ്ര്യമുള്ള പ്രതിപക്ഷം സി.പി.എമ്മിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇരിട്ടി ചാവശേരി മേഖല ആർ.എസ്.എസ്, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ സംഘടനകളുടെ ശക്തികേന്ദ്രമാണ്. എന്നാൽ, ഈ സംഘടനകളുടെ പേരുകൾ നോട്ടീസിൽ പറയാൻ പ്രതിപക്ഷം തയാറായില്ല. സമാധാനം തകർക്കാൻ ശ്രമിക്കുന്നത് വർഗീയ ശക്തികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിനും ആരോപണത്തിനും ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി നൽകിയത്. ബോംബ് നിർമാണത്തിനിടെ ഏഴു സി.പി.എം പ്രവർത്തകർ മരിച്ചു. ഇവരുടെ കുടുംബങ്ങളോട് അൽപമെങ്കിലും അനുകമ്പ സർക്കാറിനോ മുഖ്യമന്ത്രിക്കോ ഉണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ആർ.എസ്.എസുകാരുമായി ഒരുമിച്ച് വേദി പങ്കിട്ട് നിയമസഭയിൽ എത്തിയ ആളാണ് മുഖ്യമന്ത്രി. ഒരു കോൺഗ്രസുകാരനും യു.ഡി.എഫുകാരനും ആർ.എസ്.എസിന്‍റെ വോട്ട് വാങ്ങി സഭയിൽ വന്നിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭിയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

