ടി.പി വധക്കേസ് പ്രതികളുടെ ശിക്ഷായിളവ്; കെ.കെ. രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല, സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള സർക്കാർ നീക്കത്തിൽ നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഇതുസംബന്ധിച്ച് കെ.കെ. രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ നിരസിച്ചതോടെ പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡേന്തി മുദ്രാവാക്യം വിളിച്ചുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നടപടികൾ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ നീക്കം ഉണ്ടായിട്ടില്ലെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ട സാഹചര്യത്തിൽ മറ്റ് അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ നോട്ടീസ് നിരസിക്കുന്നെന്ന വിശദീകരണമാണ് സ്പീക്കർ നൽകിയത്. സർക്കാർ പറയേണ്ട മറുപടിയാണ് സഭയിൽ സ്പീക്കർ പറഞ്ഞതെന്നും അത് അനൗചിത്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
കണ്ണൂർ ജയിൽ സൂപ്രണ്ട് ശിക്ഷയിളവിനുള്ള റിപ്പോർട്ട് പൊലീസ് കമീഷണറിൽനിന്ന് തേടിയുള്ള കത്ത് കൈയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും സ്പീക്കർ വഴങ്ങിയില്ല. ടി.പി കേസ് പ്രതികളെ സർക്കാർ ഭയപ്പെടുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന് ആവശ്യമായ എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്നും ഇതിനപ്പുറത്ത് ഈ വിഷയം സഭയിൽ സംസാരിക്കാൻ പറ്റില്ലെന്നും സ്പീക്കർ പറഞ്ഞതോടെയാണ് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങിയത്.
ബഹളം പരിഗണിക്കാതെ ശ്രദ്ധക്ഷണിക്കൽ നടപടികളിലേക്ക് സ്പീക്കർ കടന്നു. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സബ്മിഷനുകൾ മേശപ്പുറത്ത് വെക്കാൻ നിർദേശിച്ചും ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകൾക്കായുള്ള ധനാഭ്യർഥനകൾ ചർച്ചയില്ലാതെ പാസാക്കിയും 10.25ഓടെ സഭ പിരിഞ്ഞു.
പ്രകടനമായി സഭയിൽനിന്ന് പുറത്തുവന്ന പ്രതിപക്ഷ അംഗങ്ങൾ സഭ ഹാളിന്‍റെ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചിരുന്നെങ്കിൽ ടി.പി വധവുമായും പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ നടത്തിയ നീക്കങ്ങൾ സംബന്ധിച്ചും കെ.കെ. രമ ഉയർത്തുന്ന ചോദ്യങ്ങൾക്ക് സഭയിൽ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമായിരുന്നു. ഈ സാഹചര്യം കൂടിയാണ് നോട്ടീസ് നിരസിച്ചതോടെ സ്പീക്കർ ഒഴിവാക്കിയത്.
സർക്കാർ നീക്കം കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്താൻ -കെ.കെ. രമ
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കം പാർട്ടിയും സർക്കാറും കൂടെയുണ്ടെന്ന് പ്രതികളെ ബോധ്യപ്പെടുത്താനാണെന്ന് കെ.കെ. രമ എം.എൽ.എ. പ്രതികളെ പുറത്തുവിട്ടില്ലെങ്കിൽ അവർ പറയുന്ന കാര്യം പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ജയിലിലാക്കുന്നതായിരിക്കും.
പ്രതികളെ ശിക്ഷിച്ചപ്പോൾ അവരെ ജയിലിൽ സന്ദർശിച്ചത് അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ഉൾപ്പെടെയുള്ളവരാണ്. വിഷയത്തിൽ ഗവർണറെ കാണുമെന്നും രമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

