ഇന്ധന സെസിനെതിരെ നിയമസഭയിൽ ഇന്നും പ്രതിഷേധം; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം
text_fieldsസംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ എം.എൽ.എമാർ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് പ്രകടനമായി നിയമസഭയിലേക്ക് പോകുന്നു. ചിത്രം -ബിമൽ തമ്പി
തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനയില്‍ നിയമസഭക്ക് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. ഹോസ്റ്റലിൽ നിന്നും പ്രകടനമായാണ് എം.എല്‍.എ മാര്‍ നിയമസഭയിലെത്തിയത്. സർക്കാറിന് ജനങ്ങളോട് പുച്ഛമാണെന്നും സെസ് പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭക്കുള്ളിൽ സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. സഭാനടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ബജറ്റിലെ നികുതി നിർദേശങ്ങളിൽ ഇളവില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ സമരം ശക്തമാക്കാൻ തന്നെയാണ് യു.ഡി.എഫ് തീരുമാനം. ഇന്ന് സഭാ നടപടികൾ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധത്തിനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. ചോദ്യോത്തര വേളയുടെ തുടക്കം മുതൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കും. നാല് യു.ഡി.എഫ് എം.എൽ.എമാരുടെ സത്യഗ്രഹ സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കും. ഉപധനാഭ്യർഥനകൾ പാസാക്കി ഇന്ന് പിരിയുന്ന സഭ 27 നാണ് വീണ്ടും സമ്മേളിക്കുന്നത്. അതുകൊണ്ടുതന്നെ എംഎൽഎമാരുടെ സഭയിലെ സത്യഗ്രഹവും ഇന്ന് അവസാനിപ്പിക്കും. സഭയ്ക്ക് പുറത്ത് ശക്തമായ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഇന്ധന സെസ് വർധനവ് പിൻവലിക്കാത്ത നിലപാടിൽ വിശദീകരണം നൽകി പ്രതിഷേധം തണുപ്പിക്കാനാണ് എൽ.ഡി.എഫ് നീക്കം. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാർ സമീപനം ജനങ്ങളോട് വിശദീകരിക്കാനാണ് എൽ.ഡി.എഫ് തയ്യാറെടുക്കുന്നത്. എന്നാൽ പ്രതിഷേധം സി.പി.എം ആരംഭിക്കാനിരിക്കുന്ന ജാഥയെ ബാധിക്കുമോ എന്ന ആശങ്കയും ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
സംസ്ഥാനം രണ്ട് രൂപ ഇന്ധന സെസ് കൂട്ടിയപ്പോൾ എല്ലാ ജില്ലകളിലും കടുത്ത പ്രതിഷേധം സംഘടിപ്പിക്കുന്ന പ്രതിപക്ഷം, കേന്ദ്രം വില കൂട്ടിയ ഘട്ടത്തിൽ എല്ലാം പരസ്യ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാതെ ഒഴിഞ്ഞ് മാറിയെന്നാണ് എൽ.ഡി.എഫ് പ്രതിരോധം. ഇതിൽ ഊന്നി ഇന്ധന സെസിനെ ന്യായീകരിക്കാനാണ് ഇടത് മുന്നണി തീരുമാനം.
നിലവിലെ എല്ലാ സാമ്പത്തിക പ്രശനങ്ങൾക്കും കാരണം കേന്ദ്രം ആണെന്ന പകുതി വസ്തുത സ്ഥാപിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാൽ നികുതി പിരിച്ചെടുക്കൽ അടക്കമുള്ള പ്രശ്‌നങ്ങൾ സംസ്ഥാന സർക്കാരിന് മുന്നിലും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ബജറ്റിലെ നികുതി നിർദേശങ്ങൾ, ഉടനെ ആരംഭിക്കാൻ പോകുന്ന സി.പി.എം ജാഥയെ ബാധിക്കുമോ എന്നാശങ്ക ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ ബുദ്ധിമുട്ടിക്കുന്നതിനൊപ്പം സംസ്ഥാന സർക്കാരും ജനങ്ങളെ പിഴിയുകയല്ലേ എന്ന ചേദ്യത്തിന് സി.പി.എമ്മിന് ജാഥയിൽ മറുപടി പറയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

