രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണിയിൽ അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറി പ്രതിപക്ഷം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിർക്കുമെന്ന് ചാനൽ ചർച്ചക്കിടെ ബി.ജെ.പി വക്താവ് നടത്തിയ ഭീഷണി സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിച്ചു. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറിയ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡുമായി ബലപ്രയോഗം നടത്തി. കൂടുതൽ വാച്ച് ആൻഡ് വാർഡിനെ വിളിച്ചുവരുത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിലെത്തുന്നത് തടഞ്ഞത്.
സ്പീക്കർക്കെതിരെ ബാനറും പ്ലക്കാർഡുമുയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം കടുപ്പിച്ചതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി രാവിലെ 10.20ന് തന്നെ സഭ പിരിഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പി നേതാവിന്റെ വധഭീഷണി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് നൽകിയ നോട്ടീസാണ് വിഷയം പ്രാധാന്യമില്ലാത്തതും അടിയന്തിര സ്വഭാവമില്ലാത്തതുമാണെന്ന് പറഞ്ഞ് സ്പീക്കർ എ.എൻ ഷംസീർ തള്ളിയത്. ഇതോടെ, പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി.
രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിർക്കും എന്ന ഭീഷണി നിസ്സാരവും ഗൗരവവമില്ലാത്തതുമാണെന്ന സ്പീക്കറുടെ പരാമർശത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ലോക്സഭാ പ്രതിപക്ഷ നേതാവിനെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഒരു ടി.വി ചർച്ചക്കിടെ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ അത് സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞു. അടുത്ത നടപടികളിലേക്ക് കടന്നതോടെ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ടി. സിദ്ദീഖ്, റോജി എം. ജോൺ, അൻവർ സാദത്ത്, എം.വിൻസെന്റ്, മാത്യു കുഴൽനാടൻ, ടി.ജെ വിനോദ്, ടി.വി ഇബ്രാഹിം, ഐ.സി ബാലകൃഷ്ണൻ തുടങ്ങിയവർ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കുതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

