വിദേശ സര്‍വകലാശാല: സി.പി.എം ടി.പി. ശ്രീനിവാസനോട് മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ; ‘റോഡില്‍ ഇറങ്ങാന്‍ ഭയപ്പെടേണ്ട അവസ്ഥയിലേക്ക് കേരളം മാറി’
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലേക്ക് വിദേശ സര്‍വകലാശാലകളെ ക്ഷണിച്ചുവെന്ന കുറ്റത്തിന് എസ്.എഫ്.ഐക്കാരെക്കൊണ്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്റെ മുഖത്ത് അടിപ്പിച്ചവരാണ് സി.പി.എം നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദേശ സര്‍വകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് മുന്‍പ് ടി.പി ശ്രീനിവാസനോട് സി.പി.എം നേതാക്കള്‍ മാപ്പ് പറയണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദേശ സര്‍വകകലാശാലകളെ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്തവരാണ് സി.പി.എമ്മും എല്‍.ഡി.എഫ് മുന്നണിയുമെന്നത് മറക്കരുതെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് രണ്ട് മാസമായി അക്രമങ്ങളും പൊലീസിന്റെ തേര്‍വാഴ്ചയുമാണ് നടക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അക്രമസംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും പൊലീസും എക്‌സൈസും നോക്കി നില്‍ക്കുകയാണ്. കേരളം മയക്കുമരുന്നിന്റെ ആസ്ഥാനമായി മാറിയിട്ടും സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ്.
ഗുണ്ടകളും റൗഡികളും തെരുവില്‍ ഇറങ്ങി കേട്ടുകേള്‍വിയില്ലാത്ത അക്രമമാണ് നടത്തുന്നത്. മയക്കുമരുന്നിന്റെ വ്യാപനം അപകടത്തിലേക്ക് നയിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല. പൊലീസ് അവരുടെ ജോലി ചെയ്യുന്നില്ല. റോഡില്‍ ഇറങ്ങാന്‍ ഭയപ്പെടേണ്ട അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുകയാണ്. പൊലീസ് നിരപരാധികളുടെ മെക്കിട്ടു കയറുകയാണ്. നീതി നടപ്പാക്കേണ്ട പൊലീസ് തന്നെ അഴിഞ്ഞാടുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയ ഗണ്‍മാനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുകയാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസിനെതിരെ നടപടി സ്വീകരിക്കണം.
കിഫ്ബി റോഡുകളില്‍ നിന്നും ടോള്‍ പിരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. ആ നീക്കത്തെ തടയും. ജനങ്ങളുടെ നികുതിപ്പണവും ഇന്ധന സെസും ഉപയോഗിച്ചാണ് കിഫ്ബി റോഡ് നിര്‍മ്മിക്കുന്നത്. ആ റോഡിന് ജനങ്ങളില്‍ നിന്നും വീണ്ടും ടോള്‍ വാങ്ങുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? കിഫ്ബി നിലനില്‍ക്കില്ലെന്ന് അത് തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പറഞ്ഞതാണ്.
ബജറ്റിന് പുറത്തുള്ള കിഫ്ബിയും കടമെടുപ്പിന്റെ പരിധിയില്‍ വരും. അതോടെ സംസ്ഥാനത്തിന് തന്നെ ബാധ്യതയാകുമെന്നും അന്തിമമായി കിഫ്ബിയുടെ കടബാധ്യത സംസ്ഥാന സര്‍ക്കാര്‍ തന്നെ തീര്‍ക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ കിഫ്ബിയെ മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയാണ്. എന്നിട്ടാണ് സര്‍ക്കാരിന്റെ നയപരമായ പാളിച്ചയുടെ ബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. കിഫ്ബി കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. ജനങ്ങളുടെ തലയിലേക്ക് കിഫ്ബിയുടെ പാപഭാരം കെട്ടിവയ്ക്കാനുള്ള നീക്കമാണ് ടോള്‍ പിരിവ്. കിഫ്ബി റോഡുകളില്‍ നിന്നും ടോള്‍ പിരിക്കില്ലെന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ ലംഘനം കൂടിയാണിത്.
കിഫ്ബി പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ വന്നത്. ഇന്ന് അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. കിഫ്ബി ബാധ്യതയാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. ആയിരക്കണക്കിന് കോടിയുടെ ബാധ്യതയാണ് ഈ സര്‍ക്കാര്‍ വരുത്തിവച്ചിരിക്കുന്നത്. ജല്‍ജീവന്‍ മിഷന് 4500 കോടി രൂപയാണ് നല്‍കാനുള്ളത്. സംസ്ഥാന വിഹിതം നല്‍കാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്നും സഹായം ലഭിക്കുന്നില്ല. റോഡുകള്‍ മുഴുവന്‍ വെട്ടിപ്പൊളിച്ചു. ദുരിതപൂര്‍ണമായ സാഹചര്യത്തിലേക്കാണ് കേരളം പോകുന്നത്. ബജറ്റില്‍ പൊടിക്കൈ കാണിച്ചിട്ടും രക്ഷയില്ലാത്ത സ്ഥിതിയിലേക്ക് കേരളത്തെ എത്തിച്ചു. കിഫ്ബി സംസ്ഥാനത്തിന് ദുരന്തമായി മാറുമെന്ന് പ്രതിപക്ഷം പറഞ്ഞത് ഇപ്പോള്‍ സര്‍ക്കാരും സമ്മതിച്ചു.
മാറിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യ നിര്‍മ്മാണശാല തുടങ്ങാന്‍ തീരുമാനിച്ചിട്ട് കേരളത്തിലെ ഒരു ഡിസ്റ്റിലറിയും അറിയാതെ മധ്യപ്രദേശിലെ കമ്പനി മാത്രം അറിഞ്ഞത് എങ്ങനെയാണ്? 2023-ല്‍ ഇതേ കമ്പനി ജല അതോറിട്ടിക്ക് കൊടുത്ത അപേക്ഷയില്‍ പറയുന്നത് ഞങ്ങളെ കേരള സര്‍ക്കാര്‍ ക്ഷണിച്ചു എന്നാണ്. അപ്പോള്‍ എക്‌സൈസ് മന്ത്രി ക്ഷണിച്ചിട്ടാണ് ഒയാസിസ് കേരളത്തിലേക്ക് വന്നത്.
കമ്പനിയെ ക്ഷണിക്കുന്ന സമയത്ത് ഈ കമ്പനിക്ക് ഐ.ഒ.സിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ അംഗീകാരവും ഉണ്ടായിരുന്നില്ല. എത്രജലം ആവശ്യമുണ്ടെന്നു പോലും വ്യക്തമാക്കാതെയാണ് ജല അതോറിട്ടി അന്നു തന്നെ കമ്പനിക്ക് കത്ത് നല്‍കിയത്. തെളിവുകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. മന്ത്രി പറഞ്ഞത് മുഴുവന്‍ നുണയായിരുന്നു എന്നു തെളിയിക്കുന്ന രേഖകളാണ് ഇന്നലെ പുറത്തുവിട്ടത്. അഴിമതി നടന്നു എന്നതിന് ഇനിയും എന്ത് തെളിവാണ് വേണ്ടത്. മന്ത്രി ഇപ്പോള്‍ പറയുന്നത് നുണയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

